Wednesday , 25 April 2018
Headlines
കൗതുക കാഴ്ച്ചകളൊരുക്കി വിചിത്രമായ പക്ഷിപാതാളം

കൗതുക കാഴ്ച്ചകളൊരുക്കി വിചിത്രമായ പക്ഷിപാതാളം

വയനാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പക്ഷിപാതാളം. പക്ഷിപാതാളമെന്ന വാക്കുപോലെ വിചിത്രവും കൗതുകവുമാണ് ഇവിടുത്തെ കാഴ്ച്ചകളും ഈ പാതാളത്തിന്റ ചരിത്രവും. ബ്രഹ്മഗിരി കുന്നുകളിലെ തിരുനെല്ലി ക്ഷേത്രത്തിന് 7 കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്. തിരുനെല്ലിക്ക് മാനന്തവാടിയില്‍ നിന്ന് 32 കിലോമീറ്ററും, കല്‍പ്പറ്റയില്‍നിന്ന് 66 കിലോമീറ്ററും യാത്രചെയ്യണം.

പക്ഷിപാതാളം സമുദ്രനിരപ്പില്‍നിന്ന് 1740 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കുന്നാണ്. ഉള്‍ക്കാട്ടിലൂടെ 17 കിലോമീറ്ററോളം ട്രക്കിങ് നടത്തിവേണം പക്ഷിപാതാളത്തിലെത്താന്‍. ചെങ്കുത്തായ മലഞ്ചെരുവുകളും, കുത്തനെയുള്ള പാറകളും മറ്റും ട്രക്കിംഗിനെ ബാധിക്കുന്നതാണ്.

പക്ഷിപാതാളം പക്ഷി നിരീക്ഷകരുടെ പ്രധാനതാവളമാണ്. ഇവിടെ പക്ഷികളെ നിരീക്ഷിക്കുന്നതിന് ടവര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ അപൂര്‍വ്വയിനത്തില്‍പ്പെട്ട പക്ഷികളുടെ കൂട്ടത്തെ കാണാനാകും. മാത്രമല്ല അപൂര്‍വ്വങ്ങളായ വന്യമൃഗങ്ങളും ഇവിടെയുണ്ട്.

ഇവിടെ പുരാതന കാലം മുതല്‍ നിലവിലുള്ള ഗുഹകളുണ്ട്. ഋഷിമാര്‍ തപസ്സു ചെയ്ത സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

വയനാട്ടിലെ തിരുനെല്ലിയിലെത്തിയാല്‍ തിരുനെല്ലി അമ്പലത്തിന് പിന്നില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു കൂറ്റന്‍ മലകാണാം. അമ്പലത്തിന്റെ പിന്നിലായി കാണുന്ന കൂറ്റന്‍ മല കയറിവേണം പക്ഷിപാതാളത്തിലെത്താന്‍. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന ബ്രഹ്മഗിരിയുടെ മുകളിലാണ് പക്ഷിപാതാളം. ഏഴ് കിലോമീറ്റര്‍ കുത്തനെയുള്ള മലകയറിയാലേ അവിടെത്താന്‍ കഴിയൂ.

മലയകറ്റത്തിനായി സാഹസിക യാത്രക്കാരും കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുളള പ്രകൃതി സ്‌നേഹികളും നിരവധി എത്തുന്നയിടമാണ് ഇവിടം. കാട്ടിലേക്കു കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഫോറസ്റ്റ് റേഞ്ചര്‍ യാത്ര തുടങ്ങുന്നതിനു മുന്‍പേ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കാട്ടില്‍ ശബ്ദമുണ്ടാക്കരുത്, പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ഇടരുത്, കാട്ടില്‍ നിന്ന് ഒരിലപോലും പറിക്കരുത്, ഗാര്‍ഡുകളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മഴക്കാലമായാല്‍ അട്ടശല്യം രൂക്ഷമാകും. ഉപ്പും പുകയിലയും കൂട്ടികുഴച്ച് ഒഴു കിഴിയുണ്ടാക്കിയാല്‍ ഇവയുടെ ആക്രമണത്തില്‍ നിന്ന് വളരെ പെട്ടന്ന് രക്ഷനേടാം.

റോഡും, പുല്‍മേടുകളും, ഊടുവഴികളും, ചെങ്കുത്തായ കയറ്റങ്ങളും ചെരിവുകളും, വളര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന കുറ്റിക്കാടുകളും, ചോലവനങ്ങളും, കാട്ടരുവികളും ഉള്ള പ്രദേശങ്ങള്‍ താണ്ടിവേണം ലക്ഷ്യ സ്ഥാനത്തെത്താന്‍. ആകാശം മുട്ടെ നില്‍ക്കുന്ന പുല്‍മേടുകള്‍, ചോലവനങ്ങളെ തൊട്ടുരുമ്മി പോകുന്ന മഴമേഘങ്ങള്‍, മലമടക്കുകളില്‍ അളളിപിടിച്ച് വളരുന്ന ചോലവനങ്ങള്‍, ചിതറികിടക്കുന്ന പാറക്കൂട്ടങ്ങള്‍, കാളിന്തീ തീരത്ത് നീണ്ടു നിവര്‍ന്നുകിടക്കുന്ന വയല്‍ തുടങ്ങി കണ്ണിനും മനസിനും ആനന്ദം പകരുന്നതും ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്ന അനവധി കാഴ്ചകളും കാണാം ഈ യാത്രയില്‍.

ബ്രഹ്മഗിരിയുടെ മുകളിലെത്തിയാല്‍ മലമുകളില്‍ ഒരു കൂറ്റന്‍ വാച്ച് ടവര്‍ കാണാം. ടവറിനുമുകളില്‍ കയറിയാല്‍ ഹരം പിടിപ്പിക്കുന്ന കാഴ്ചകള്‍ കാണാം. ദൂരെയായി തിരുനെല്ലി അമ്പലവും കാണാം. ചോലക്കാടുകളില്‍ കൂടുകൂട്ടിയ പക്ഷികലുടെ കൂടുകണാം. കാട്ടുപൊന്തയില്‍ ഇളം വെയില്‍ കായാനിരിക്കുന്ന അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളെയും കാണാം.

പക്ഷിപാതാളം കേരളത്തിലാണെങ്കിലും അവിടെത്താന്‍ കര്‍ണ്ണാടക അതിര്‍ത്തി കടക്കണം. കുറച്ചുദൂരം കര്‍ണ്ണാടകത്തിലൂടെ നടക്കണം.

മുഡുഗര്‍, ഇരുളര്‍ വിഭാഗത്തിലുള്ള തിരുനെല്ലിയിലെ ആദിവാസി വിഭാഗങ്ങളുടെ കുലദൈവമാണ് യൊഗിച്ചന്‍. പക്ഷിപാതാളത്തിലെ ഇരുണ്ട ഈ ഗുഹയ്ക്കുള്ളിലെവിടെയോ ആണ് ഒറ്റക്കാലനായ യോഗിച്ചന്റെ മൂലസ്ഥാനമെന്നാണ് ആദിവാസികളുടെ വിശ്വാസം. തിരുനെല്ലിപ്പെരുമാളിനോട് പോലും വെല്ലാന്‍ കരുത്തുള്ള ദൈവമാണ് തങ്ങളുടേതെന്നും ഇവര്‍ കരുതുന്നു.

പക്ഷിപാതാളത്തില്‍ പോകണമെങ്കില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക സമ്മതം ആവശ്യമുണ്ട്. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഗൈഡുകളേയും, വാഹനങ്ങളേയും, ക്യാമ്പിനുള്ള ഉപകരണങ്ങളു ഒരുക്കുന്നതാണ്.

പക്ഷിപാതാളത്തിന് അടുത്തായിട്ട് ധാരാളം വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഉണ്ട്. പൂക്കോട് തടാകം കല്‍പ്പറ്റയില്‍നിന്ന് 13 കിലോമീറ്റര്‍ മാറിയാണ് ഉള്ളത്. ഇത് വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ്. കബനീ നദിയുടെ തീരത്തുള്ള കുറുവാദ്വീപ് അതിമനോഹരമായ കാഴ്ചയാണ്. 950 ഏക്കര്‍ സ്ഥലത്താണ് കുറുവാദ്വീപ് സ്ഥിതിചെയ്യുന്നത്. കുറുവാദ്വീപിലേക്ക് മാനന്തവാടിയില്‍നിന്ന് 17 കിലോമീറ്ററുണ്ട്. ചെമ്പ്ര മലയിലേക്ക് കല്‍പ്പറ്റയില്‍നിന്ന് 14 കിലോമീറ്റര്‍ ദൂരമുണ്ട്.

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വള്ളിയൂര്‍ക്കാവിലും തിരുനെല്‍വേലിയും ഉത്സവങ്ങള്‍ നടക്കുന്ന സമയമായതു കൊണ്ട് ആ സമയങ്ങളില്‍ പോകുന്നത് നല്ലതായിരിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് ഏറ്റവും നല്ലത്.

ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടാണ്. കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് ഏകദേശം 23 കിലോമീറ്റര്‍ ദൂരമുണ്ട് കോഴിക്കോടുനിന്ന്. കോഴിക്കോടിന് മാനന്തവാടിയില്‍നിന്നും ഏകദേശം 106 കിലോമീറ്റര്‍ ദൂരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>