Wednesday , 25 April 2018
Headlines
കൊടകര ഇടവക നാള്‍ വഴികളിലൂടെ…

കൊടകര ഇടവക നാള്‍ വഴികളിലൂടെ…

100 ല്‍ താഴെ മാത്രം കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ടായിരുന്ന കൊടകരയിലെ ക്രൈസ്തവര്‍ തങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും മറ്റുമായി ഒരു സ്ഥലം വാങ്ങി. അവിടെ പള്ളി സ്‌കൂള്‍ എന്നറിയപ്പെട്ടിരുന്ന ചെറിയ ഷെഡ് പണികഴിപ്പിച്ചു. ഇവിടെ നിന്നാണ് വര്‍ഷം തോറും കൊടകരയിലെ അമ്പു പ്രദക്ഷിണം പേരാമ്പ്ര പള്ളിയിലേക്ക് പോയികൊണ്ടിരുന്നത്. ഈ കാലഘട്ടത്തില്‍ തന്നെ ‘കൊടകരക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം’ എന്ന ആശയം ഇവിടെയുണ്ടായിരുന്ന ക്രൈസ്തവരില്‍ വേരൂന്നിയിരുന്നു. കൊടകരക്കാരനായ നെല്ലിശ്ശേരി ചെതലന്‍ കുഞ്ഞുവറീത് (സേട്ടു അപ്പാപ്പന്‍) നിലവിലുണ്ടായിരുന്ന സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന കുറച്ചു സ്ഥലം കൂടി വാങ്ങിക്കൊടുത്തു. അവിടെ അമ്പഴക്കാട് ഇടവകക്കാരനായ വലിയവീട്ടില്‍ കുര്യാക്കോസ് എന്ന കുന്നിക്കുരു മാസ്റ്റര്‍ ആണ്‍കുട്ടികള്‍ക്കായുള്ള ഒരു അനാഥാലയം പണിയുകയും പിന്നീട് ഇവിടെ ഞായറാഴ്ച ബലിയര്‍പ്പണത്തിനുള്ള അനുമതി കൊച്ചിരാജാവില്‍ നിന്നും ലഭിക്കുകയും ചെയ്തു. പേരാമ്പ്ര പള്ളി വികാരിയായിരുന്ന റവ. ഫാ. ജോര്‍ജ്ജ് ചൂണ്ടലച്ചന്റെ നേതൃത്വത്തില്‍ ദേവാലയത്തിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. വില കൊടുത്തു വാങ്ങിയതും സംഭാവനയായി ലഭിച്ചതുമായ 1 ഏക്കര്‍ 60 സെന്റ് സ്ഥലം കൊടകര കത്തോലിക്കാസമുദായം കൊടകര പള്ളിക്ക് തീറുകൊടുത്തു.

Old-Church

10/10/1960 ല്‍ ദേവാലയ നിര്‍മ്മാണത്തിന് അനുമതി ആവശ്യപ്പെട്ട് 238 പേര്‍ ഒപ്പിട്ട ഒരു അപേക്ഷ വികാരിയച്ചന്റെ ശുപാര്‍ശ സഹിതം മെത്രാനച്ചന് സമര്‍പ്പിക്കുകയും 18/10/1960 ന് അനുമതി ലഭിക്കുകയും ചെയ്തു. വി. യൗസേപ്പിതാവിന്റെ ദേവാലയം എന്ന നാമകരണവും ലഭിച്ചു. 1960 നവംബര്‍ 6 ന് തൃശൂര്‍ രൂപതാദ്ധ്യക്ഷനായ റവ. ഡോ. ജോര്‍ജ്ജ് ആലപ്പാട്ട് തിരുമേനി തറക്കല്ലിട്ട് പണി ആരംഭിച്ചു. 1964 ജനുവരി 7 ന് ആലപ്പാട്ട് തിരുമേനി തന്നെ ആശീര്‍വാദകര്‍മ്മവും നിര്‍വ്വഹിച്ചു. പ്രഥമ വികാരി റവ. ഫാ. ജോസ് മാള്യേക്കല്‍ ആയിരുന്നു. 1970 മെയ് 2 ന് ഇടവക പള്ളിയായി ഉയര്‍ത്തപ്പെട്ടു. 1974 മാര്‍ച്ച് 27 ന് റവ. ഫാ. ജോണ്‍ പൊറത്തൂര്‍ വികാരിയായിരുന്നപ്പോഴാണ് വി. യൗസേപ്പിതാവിന്റെ കപ്പേള നിര്‍മ്മിക്കപ്പെട്ടത്. 1977 സെപ്തംബര്‍ മാസത്തില്‍ വികാരിയായി വന്ന റവ. ഫാ. ജോസഫ് വെര്‍ജിന്‍ സി.എം.ഐ. അച്ചന്റെ കാലത്ത് വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ഊട്ടുതിരുന്നാളായി ആഘോഷിച്ചുതുടങ്ങി. 1978 ല്‍ ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിനെ തുടര്‍ന്ന് കൊടകര വികാരിയായി വന്ന റവ. ഫാ. പോള്‍ എളങ്കുന്നപ്പുഴയുടെ കാലത്താണ് ബുധനാഴ്ചകളില്‍ നൊവേനയോടുകൂടിയ ദിവ്യബലി ആരംഭിച്ചത്. 1981 ജൂണ്‍ മാസത്തില്‍ വികാരിയായി വന്ന റവ. ഫാ. ആന്റണി ആലപ്പാട്ടിന്റെ കാലത്താണ് സെമിത്തേരി നിര്‍മ്മിക്കപ്പെട്ടതും ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പണിയാരംഭിച്ചതും. തുടര്‍ന്ന് വികാരിയായി വന്ന റവ. ഫാ. സെബാസ്റ്റ്യന്‍ ഈഴക്കാടനച്ചനാണ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പണി പൂര്‍ത്തിയാക്കിയത്. 15/15/1987 ല്‍ വികാരിയായി വന്ന റവ. ഫാ. ജോണ്‍ തെക്കേക്കര അച്ചന്‍ പാരിഷ് ബുള്ളറ്റിന്‍ ആരംഭിച്ചു. മഠം കപ്പേള പുതുക്കി പണിതു. 1989 ല്‍ വികാരിയായിരുന്ന റവ. ഫാ. ആന്റണി പുതുശേരി അച്ചന്റെ കാലത്താണ് ഊട്ടുതിരുന്നാളിന് നേര്‍ച്ചപായസം വിതരണം ആരംഭിച്ചത്. 20/08/1992 ല്‍ റവ. ഫാ. ജോണ്‍ എടാട്ടുക്കാരന്‍ വികാരിയായി ചാര്‍ജെടുത്തു.

Old-Kappela

17/07/1995 ല്‍ ചാര്‍ജ്ജെടുത്ത റവ. ഫാ. പയസ് ചിറപ്പണത്തച്ചന്റെ കാലത്താണ് പുതിയ ദേവാലയം പണി കഴിപ്പിച്ചത്. 17/04/1996 ല്‍ ഇരിങ്ങാലക്കുട രൂപതാമെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ദേവാലയനിര്‍മ്മാണത്തിന് തറക്കല്ലിടുകയും പണി പൂര്‍ത്തിയാക്കി 1998 മെയ് 20 ന് ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വി. യൗസേപ്പിതാവിന്റെ കപ്പേളയും പുതുക്കി പണിതു. 1998 ജൂലൈ മാസത്തില്‍ ചാര്‍ജ്ജെടുത്ത റവ. ഫാ. വര്‍ഗ്ഗീസ് വടക്കേപീടിക ദേവാലയ പുനര്‍നിര്‍മ്മാണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ദ്ധനരായ 10 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിതുകൊടുത്തു. 1999 ഒക്‌ടോബര്‍ 4 ന് ചാര്‍ജ്ജെടുത്ത റവ. ഫാ. വിന്‍സെന്റ് പാറയിലച്ചന്‍ വികാരിയായിരുന്നപ്പോഴാണ് പരി. അമ്മയോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഗേറ്റിനരികിലായി മാതാവിന്റെ ഗ്രോട്ടോ നിര്‍മ്മിച്ചതും ഇടവകയിലെയും രൂപതയിലെയും വാര്‍ത്തകള്‍ ഇടവകാംഗങ്ങളിലെത്തിക്കുന്നതിനായി സ്‌നേഹദീപം പാരിഷ് ബുള്ളറ്റിന്‍ പുനരാരംഭിച്ചതും.

2000 ജൂണ്‍ 1 ന് ചാര്‍ജ്ജെടുത്ത റവ. ഫാ. വര്‍ഗ്ഗീസ് പാത്താടനച്ചന്റെ കാലത്താണ് വി.യൗസേപ്പിതാവിന്റെ ഊട്ടുതിരുന്നാളിന് പള്ളിമുറ്റത്ത് ഒരുക്കുന്ന പന്തലില്‍ ഇരുന്ന് നേര്‍ച്ച ഊണ് കഴിക്കുന്ന സംവിധാനം ആരംഭിച്ചത്.

2002 ജനുവരി മാസത്തില്‍ ചാര്‍ജ്ജെടുത്ത റവ. ഫാ. സെബാസ്റ്റ്യന്‍ മാള്യേക്കല്‍ വികാരിയായിരുന്ന കാലത്ത് 10/09/2002 ന് കൊടകര ഇടവകയെ ഫൊറോനയായി ഉയര്‍ത്തി. റവ. ഫാ. സെബാസ്റ്റ്യന്‍ മാള്യേക്കലിന്റെ ആശയസാക്ഷാത്ക്കാരമായിട്ടുള്ള സാധുസഹായ പദ്ധതി രൂപീകരിച്ചത് വഴി നിര്‍ദ്ധനരായ 10 യുവതികളുടെ വിവാഹത്തിന് 50,000 രൂപ വീതം സഹായം നല്‍കിയത് ഈ കാലയളവിലാണ്. 2004 ജനുവരി മാസത്തില്‍ ചാര്‍ജ്ജെടുത്ത റവ. ഫാ. ആന്റണി പറമ്പേത്തച്ചന്റെ കാലത്ത് സോഷ്യല്‍ ആക്ഷന്‍ വഴി പള്ളിക്ക് ലഭിച്ച സ്ഥലത്ത് വീട് പണിത് സാധുക്കളായ 10 കുടുംബങ്ങള്‍ക്ക് നല്‍കി.

ഇടവകയില്‍ 14 യൂണിറ്റുകള്‍ ഉണ്ടായിരുന്നത് 23 യൂണിറ്റുകളായി കുടുംബയൂണിറ്റുകളുടെ പുനര്‍ക്രമീകരണം നടത്തിയതും, അള്‍ത്താര നവീകരിച്ചതും, ദേവലായത്തിനകത്താവശ്യമായ ബെഞ്ചുകള്‍ നിര്‍മ്മിച്ചതും 2007 ജനുവരി മാസത്തില്‍ ചാര്‍ജ്ജെടുത്ത റവ. ഫാ. തോമസ് കൂട്ടാലയച്ചന്റെ കാലത്താണ്. 2010 ജനുവരി മാസത്തില്‍ ചാര്‍ജ്ജെടുത്ത റവ. ഫാ. വര്‍ഗ്ഗീസ് ചാലിശ്ശേരിയച്ചന്റെ കാലത്ത് ഇടവകയ്ക്കുവേണ്ടി കുറച്ച് സ്ഥലം വാങ്ങുക എന്ന ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം പന്തല്ലൂക്കാരന്‍ ലോനപ്പന്‍ ജെയിംസിന്റെ പക്കല്‍ നിന്നും ഏകദേശം ഒന്നര ഏക്കറോളം ഭൂമി വാങ്ങാനുള്ള തീരുമാനം വഴി നടപ്പിലായി. ഇതില്‍ ഏകദേശം ഒരു ഏക്കര്‍ ഭൂമി വര്‍ഗ്ഗീസച്ചന്റെ കാലത്ത് തന്നെ തീറ് നടത്തുകയും ചെയ്തു. 2013 ജൂലൈ മാസത്തില്‍ ചാര്‍ജ്ജെടുത്ത ഇപ്പോഴത്തെ വികാരി റവ. ഫാ. തോമസ് ആലുക്കല്‍ അച്ചന്റെ ശ്രമഫലമായി ബാക്കി സ്ഥലത്തിന്റെ തീറ് നടത്തുകയും കൊടകര ഇടവകയുടെ പ്രൗഢിയ്ക്കനുയോജ്യമായ ഒരു കൊടിമരം ദേവാലയ തിരുമുറ്റത്ത് സ്ഥാപിക്കുകയും ചെയ്തു. ഇടവകാംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടെ പള്ളിമുറ്റം മനോഹരമായി ടൈല്‍ വിരിച്ച് സൗകര്യപ്രദമാക്കുകയും ചെയ്തു.

2000 ജനുവരി മുതല്‍ ഇന്നുവരെ റവ. ഫാ. സെബാസ്റ്റ്യന്‍ കാഞ്ഞിലശ്ശേരി, റവ. ഫാ. സാവിയോ മേനാച്ചേരി, റവ. ഫാ. സജി വലിയവീട്ടില്‍, റവ. ഫാ. ലിജോ കോങ്കോത്ത്, റവ. ഫാ. ജോര്‍ജ്ജ് ചിറമ്മല്‍, റവ. ഫാ. ജെയ്‌സണ്‍ പാറേക്കാട്ട്, റവ. ഫാ. ജോസഫ് ചെറുവത്തൂര്‍, റവ. ഫാ. ജിജോ വാകപ്പറമ്പില്‍, റവ. ഫാ. പോള്‍ കൊടകരക്കാരന്‍, റവ. ഫാ. ജോയ് ചെറുവത്തൂര്‍, റവ. ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍, റവ. ഫാ. വിനീഷ് വട്ടോലി, റവ. ഫാ. സിബി കോട്ടയ്ക്കല്‍, റവ. ഫാ. ഷാബു പുത്തൂര്‍, റവ. ഫാ. സോജോ കണ്ണമ്പുഴ, റവ. ഫാ. അരുണ്‍ തെക്കിനേത്ത്, റവ. പാ. ജിയോ കൈതാരത്ത് എന്നിവര്‍ അസിസ്റ്റന്റ് വികാരിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസി. വികാരിയായി റവ. ഫാ. റോബി താളിപറമ്പില്‍ 2014 ജനുവരി മുതല്‍ സേവനമനുഷ്ഠിച്ചു.

1970 ല്‍ ഇടവകപള്ളിയായി പ്രഖ്യാപിക്കുമ്പോള്‍ 200 ല്‍ താഴെ മാത്രം കുടുംബങ്ങള്‍ ഉണ്ടായിരുന്ന കൊടകര ഇടവകയില്‍ ഇപ്പോള്‍ ആയിരത്തിലധികം കത്തോലിക്കാഭവനങ്ങള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>