Monday , 19 March 2018
Headlines
കല്‍പ്പന വിടവാങ്ങി

കല്‍പ്പന വിടവാങ്ങി

മലയാള സിനിമയിലെ നിറസാന്നിധ്യമായ പ്രശസ്ത നടി കല്‍പന (51) അന്തരിച്ചു. ഹൈദരാബാദില്‍ വച്ചാണ് മരണം. ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്‌കാരം നാളെ. രാവിലെ റൂം ബോയ് വിളിക്കുമ്പോള്‍ കല്‍പനയ്ക്ക് ബോധമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അപ്പോളോ ആസ്പത്രിയിലെത്തിച്ചങ്കിലും അവിടെ എത്തും മുമ്പെ മരണം സംഭവിച്ചു. ഹൃദയ, കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് കല്‍പന ഇന്നലെ ഉച്ചയോടെ ഹൈദരാബാദില്‍ എത്തിയത്. ചാര്‍ളിയാണ് അവസാനം റിലീസ് ആയ ചിത്രം. മൃതദേഹം ഇന്നു വൈകീട്ടോടെ കേരളത്തില്‍ എത്തിക്കും. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. തനിച്ചല്ല ഞാന്‍ എന്ന സിനിമയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പന ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. നാടകപ്രവര്‍ത്തകരായ വി.പി.നായരുടെയും വിജയലക്ഷ്മിയുടേയും മകളാണ്. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്. എം.ടി.യുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവെയില്‍ തുടങ്ങിയ സിനിമകളില്‍ പതിമൂന്ന് വയസ്സുള്ളപ്പോള്‍ അഭിനയിച്ചു. പഞ്ചവടിപ്പാലം, സ്പിരിറ്റ്, കേരള കഫെ, ഇഷ്ടം, ചിന്നവീട്, സതി ലീലാവതി എന്നിവയടക്കം മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കലാ പ്രതിഭ. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ അവര്‍ അവിസ്മരണീയമാക്കി. ഭാഗ്യരാജിനൊപ്പം ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച കല്‍പ്പന ‘സതി ലീലാവതി’ ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. കന്നടയിലും, തെലുങ്കിലും അവരുടെ വേഷപ്പകര്‍ച്ചകളുണ്ടായി.

സ്വഭാവനടി എന്ന നിലയില്‍ തെന്നിന്ത്യയില്‍ സമീപകാലത്ത് അവര്‍ ചെയ്ത വേഷങ്ങളെല്ലാം വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. ഒരു ഹാസ്യനടി എന്ന നിലയില്‍ നിന്ന് തന്മയത്വമുള്ള ശക്തമായ വേഷങ്ങളിലേക്ക് കൂടുമാറി ആ തിളക്കത്തില്‍ നില്‍ക്കവേയാണ് മരണം അവരെ പിടികൂടിയത്.

‘വിടരുന്ന മൊട്ടുകള്‍’, ‘ദ്വിക് വിജയം’ എന്നീ ചിത്രങ്ങളിലാണ് അവര്‍ ബാലതാരമായി വേഷമിട്ടത്. തുടക്കത്തില്‍ അരവിന്ദന്റെ ‘പോക്കുവെയില്‍’ ആണ് കല്‍പ്പനയിലെ നടിയെ അടയാളപ്പെടുത്തിയത്.

‘ബാംഗ്ലൂര്‍ ഡെയ്‌സി’ല്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായി അവര്‍ ചെയ്ത വേഷം അഭിനയത്തികവിന്റെ അടയാളമായിരുന്നു. ‘സ്പിരിറ്റി’ല്‍ പങ്കജം എന്ന വേലക്കാരിയുടെ റോള്‍, ‘ഇന്ത്യന്‍ റുപ്പി’യിലെ മേരി അങ്ങനെ ശ്രദ്ധേയ വേഷങ്ങള്‍ നിരവധി.

ഹാസ്യത്തിലേക്ക് വന്നാല്‍ ‘മി.ബ്രഹ്മചാരി’യിലെ അനസൂയ, ‘ഇഷ്ട’ത്തിലെ മറിയാമ്മ തോമസ് എന്ന പോലീസ് വേഷം, ‘ഗാന്ധര്‍വ’ത്തിലെ കോട്ടാരക്കര കോമളം അങ്ങനെ എക്കാലവും ഓര്‍മ്മയില്‍ നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് കല്‍പ്പന സിനമാലോകത്തോട് വിടപറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>