Wednesday , 25 April 2018
Headlines
പുഴയിലടിയാന്‍ തുടങ്ങിയ പഴയ കൊച്ചിന്‍ പാലത്തിന് 77ാം പിറന്നാള്‍

പുഴയിലടിയാന്‍ തുടങ്ങിയ പഴയ കൊച്ചിന്‍ പാലത്തിന് 77ാം പിറന്നാള്‍

ഷൊര്‍ണൂര്‍: പുഴയിലടിയാന്‍ തുടങ്ങിയ പഴയ കൊച്ചിന്‍ പാലത്തിന് 77ാം പിറന്നാള്‍. ഷൊര്‍ണൂരിനേയും തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയേയും ബന്ധിപ്പിച്ചുകൊണ്ട് പണി തീര്‍ത്തതാണ് ഇപ്പോള്‍ തകര്‍ന്ന് കിടക്കുന്ന ഈ പാലം. വലിയ ചരിത്രസ്മരണകളൊന്നുമില്ലെങ്കിലും പാലം നിലനിര്‍ത്തി ചരിത്രസ്മാരകമാക്കണമെന്നും അതല്ല പൊളിച്ചുനീക്കി കല്ലും ഇരുമ്പും വില്‍ക്കണമെന്നുമുള്ള ആലോചനകള്‍ സര്‍ക്കാര്‍തലത്തിലും അല്ലാതേയും തിരക്കിട്ടുനടന്നുകൊണ്ടിരിക്കുകയുമാണ്.

1939ലാണ് മലബാറിനേയും തിരുകൊച്ചിയേയും ബന്ധിപ്പിച്ചുകൊണ്ട് പഴയ കൊച്ചിന്‍ പാലത്തിന്റെ പണിപൂര്‍ത്തിയായത്. ടിപ്പുവിന്റെ മരണശേഷം മലബാര്‍ മേഖലയില്‍ ശക്തമായ സ്വാധീനം ബ്രിട്ടീഷുകാര്‍ ഉറപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്ന് വേണ്ടത്ര വ്യൂസമ്പത്തും മറ്റും കടത്താന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പട്ടാമ്പിയിലും ഷൊര്‍ണൂരിലും തേക്കിന്‍മരങ്ങള്‍ കടത്താന്‍ നിലമ്പൂരിലേക്കും റെയില്‍വെ ലൈനുകള്‍ നീട്ടി ബ്രിട്ടീഷുകാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലമ്പൂരില്‍നിന്ന് കടത്തിയിരുന്ന തേക്കിന്‍ തടികള്‍ ഭാരതപുഴയിലൂടെ കൊണ്ടുപോയി പൊന്നാനിയിലെത്തിച്ച് കപ്പല്‍ മാര്‍ഗം കടലിലൂടെ ബ്രിട്ടനിലേക്ക് കൊണ്ടുപോയിരുന്നു. ഇപ്പോഴുള്ള കൊച്ചിന്‍പാലത്തിനുമുമ്പ് തന്നെ ഷൊര്‍ണൂരിലേയും ചെറുതുരുത്തിയേയും ബന്ധിപ്പിച്ചുകൊണ്ടും ഒരു റെയില്‍വെ പാലവും സമാന്തരമായി മോട്ടോര്‍ വാഹനങ്ങള്‍ക്കായും നടപ്പാതക്കുമായി മറ്റൊരു പാലവും പണിതീര്‍ത്തിരുന്നു.
ഇപ്പോള്‍ നിലവിലുള്ള പഴയകൊച്ചിന്‍ പാലത്തിന് അരകിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് ഈ പാലങ്ങള്‍ ഉണ്ടായിരുന്നത്. റെയില്‍പ്പാലവും നടപ്പാതയും തൊട്ടുതൊട്ടു ചേര്‍ന്നിട്ടുള്ള പാലം 1920 കാലഘട്ടങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. വെള്ളപ്പൊക്കത്തില്‍ ഭാരതപ്പുഴയിലൂടെ ഒഴുകിയെത്തിയ വലിയൊരാലും ആനയുടെ ജഡവും പാലത്തില്‍ തട്ടിപാലം തകര്‍ന്നുപോയത്രെ. ഇതിനു ബദലായിട്ടാണ് 1939ല്‍ പുതിയ പാലമായി ഇപ്പോഴുള്ള പഴയകൊച്ചിന്‍ പാലം പണി തീര്‍ത്തത്.

പഴയ പാലത്തിനുമുകളിലൂടെയാണ് സ്വാമിവിവേകാനന്ദന്‍ ഭാരത പര്യടനത്തിനിടെ കടന്നുപോയതെന്നാണ് ചരിത്രത്തിലുള്ളത്. പാലം നൂറുവര്‍ഷത്തിലകം പഴക്കമുണ്ടെന്നും സ്വാമി വിവേകാനന്ദ സ്വാമികള്‍ ഭാരത പര്യടനത്തിന്റെ ഭാഗമായി ഷൊര്‍ണൂരില്‍ വന്നിറങ്ങി തൃശൂരിലേക്ക് പോയത് ഈ പാലത്തിലൂടെയെന്നുമൊക്കെയുള്ള ധാരണകള്‍ ശരിയല്ലെന്നാണ് വസ്തുത. ചരിത്രം കൃത്യമായി അറിയാത്തതിന്റെ പിഴവില്‍ രൂപപ്പെട്ടിട്ടുള്ള ചില സാധാരണകളാണിതെന്ന് വ്യക്തം.

1939 ജൂലായ് 24 തിങ്കളാഴ്ച (1114 കര്‍ക്കിടകം 8ന്) രാവിലെ 11മണിക്കാണ് കൊച്ചികൗണ്‍സില്‍ പ്രസിഡന്റായിരുന്ന സര്‍ ഷണ്‍മുഖംചെട്ടിയുടെ അധ്യക്ഷതയില്‍ കൊച്ചിന്‍ നിയമസഭ സമ്മേളനത്തില്‍ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അന്ന് കൊച്ചി ദിവാന്‍ പേഷ്‌ക്കര്‍ കെ. അച്ചുതമേനോനായിരുന്നു. പിന്നീട് കൊച്ചിന്‍ ദിവാനായി ഷണ്‍മുഖംചെട്ടിയും അവരോധിക്കപ്പെട്ടിട്ടുണ്ട്.

പാലത്തിന്റെ ടോള്‍ പിരിവ് സംബന്ധിച്ച് തീരുമാനവും നടത്തിയിരുന്നു. 475 രൂപ നിരക്കില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്
അടക്കേണ്ടിയിരുന്നു. തലപ്പിള്ളി താലൂക്കിലെ ഈഴവമെമ്പര്‍ കെ.ആര്‍. വിശ്വംഭരനാണ് കൊച്ചിന്‍ നിയമസഭാ സമ്മേളനത്തില്‍ ടോള്‍ പിരിവ് സംബന്ധിച്ച് ചോദ്യമുന്നയിച്ചിരുന്നത്. കിഴക്കേ പീടികയില്‍ അവറാന്‍ മുഹമ്മദ്
ഹാജിയാണ് ആദ്യ ടോള്‍ കോണ്‍ട്രാക്റ്റര്‍. കാലതാമസം ഒഴിവാക്കുന്നതിന് പൊതുലേലം ഒഴിവാക്കിയാണ് ദിവാന്‍ കരാര്‍ ഉറപ്പിച്ചത്. ചെറുതുരുത്തി എംഎല്‍സിഇ ഇക്കണ്ടവാര്യര്‍ നല്‍കിയ ചോദ്യത്തിന് മറുപടിയായി പാലനിര്‍മാണത്തിന് 50,000 രൂപ ചെലവായിട്ടുണ്ടെന്ന് കൊച്ചിന്‍ നിയമസഭ സമ്മേളനത്തില്‍ മറുപടി നല്‍കിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>