Thursday , 19 April 2018
Headlines
തൂക്കുപാലവും ശലഭോദ്യാനവും കാഴ്ചയൊരുക്കി തൂമ്പൂര്‍മുഴി

തൂക്കുപാലവും ശലഭോദ്യാനവും കാഴ്ചയൊരുക്കി തൂമ്പൂര്‍മുഴി

ചാലക്കുടി: പ്രകൃതി കനിഞ്ഞനുഗ്രഹിച്ച തൃശൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് തുമ്പൂര്‍മുഴിയിലെ പുഴയോര പാര്‍ക്ക്. ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലേക്കുള്ള വിദേശികളുടെ വിനോദസഞ്ചാകേന്ദ്രങ്ങളില്‍ തുമ്പൂര്‍മുഴിയും ഇടം പിടിക്കുന്നു. ശലഭോദ്യാനവും തൂക്കുപാലവും തുമ്പൂര്‍മുഴിയെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയുടെ കവാടമാണ് ഡാമും ഉദ്യാനവും. പാറക്കെട്ടുകള്‍ക്കിടയിലൂടെ കുത്തിയൊലിച്ച് പതഞ്ഞൊഴുകുന്ന പുഴയും പുഴയോടുചേര്‍ന്ന ഉദ്യാനവും തൂക്കുപാലവും പൂമ്പാറ്റച്ചിറകുപോലെ വിവിധ നിറങ്ങളിലുള്ള പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും അവ ഒപ്പിയെടുക്കാനുമായി നിരവധിപേരാണ് ഇവിടേക്കെത്തുന്നത്. തുമ്പൂര്‍മുഴി ഡാം, ശലഭോദ്യാനം, പുഴയുടെയും മലയുടെയും സൗന്ദര്യം ആസ്വദിക്കുന്നതിനായി നിര്‍മിച്ച വാച്ച് ടവര്‍, കുട്ടികള്‍ക്ക് കളിക്കാനായുള്ള റൈഡുകള്‍, അലതല്ലിയൊഴുകുന്ന പുഴയും പച്ചപുതച്ച മലനിരകളും എണ്ണപ്പനത്തോട്ടവും തുടങ്ങി ദൃശ്യാനുഭൂതി സമ്മാനിക്കുന്ന നിരവധി കാഴ്ചകളാണ് തുമ്പൂര്‍മുഴിയില്‍ പ്രകൃതി സ്‌നേഹികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രൊമോഷന്‍ കൗണ്‍സില്‍, അതിരപ്പിള്ളി വാഴച്ചാല്‍ തുമ്പൂര്‍ മുഴി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫെസിലിറ്റേഷന്‍ സെന്റര്‍, ദൂരക്കാഴ്ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്ന വ്യൂ ടവര്‍, റെയിന്‍ഷെല്‍ട്ടര്‍, കൈവരികളോടുകൂടിയ നടപ്പാതകള്‍, ടര്‍ഫിംഗ് നടത്തി മനോഹരമാക്കിയ ലാന്റ് സ്‌കേപ്പിഗ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ശലഭോദ്യാനം

തുമ്പൂര്‍മുഴി ഉദ്യാനത്തിലെ പ്രധാന ആകര്‍ഷണമാണ് ചിത്രശലഭോദ്യാനം. ചിത്രശലഭങ്ങളെ അവയുടെ ഇഷ്ട സസ്യങ്ങള്‍ ഉദ്യാനത്തില്‍ വെച്ചുപിടിപ്പിച്ചാണ് ആകര്‍ഷിക്കുന്നത്. ചിത്രശലഭങ്ങള്‍ വേനല്‍കാലത്ത് വന്‍തോതില്‍ ഇവിടെ എത്തിപ്പെടുന്നു. മഴക്കാലത്ത് സാധാരണ ഇവ കുറവായിരിക്കും. നൂറുകണക്കിന് ചിത്രശലഭങ്ങളെ കാണാനാകുന്ന ഉദ്യാനം എല്ലാക്കാലത്തും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വലുതും ചെറുതും, പുള്ളിയുള്ളവ, വരയന്‍, ഭീമാകാരങ്ങളായവ എന്നിങ്ങനെ 148 ഇനം ചിത്രശലഭങ്ങളെ മൊത്തം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അവ പൂക്കള്‍ തോറും തേന്‍ നുകര്‍ന്ന് പാറിപ്പറക്കുന്ന കാഴ്ച നയന മനോഹരങ്ങളാണ്. പക്ഷികളോളം വലിപ്പമുള്ള ചിത്രശലഭങ്ങളെ രാവിലെ കാണാം. ലെമണ്‍ ബട്ടര്‍ ഫ്‌ളൈ, സതേണ്‍ബേര്‍ഡ് വിങ്, കോമണ്‍ റോസ്, ലൈറ്റ് ബ്ലൂ ടൈഗര്‍ എന്നിവയാണ് അവയില്‍ ചിലത്. ഉദ്യാനത്തില്‍ തന്നെ റൂബിയേസിയേ വര്‍ഗത്തില്‍പ്പെട്ടചെടികളും ഫളെയിം ലില്ലി, ഫയര്‍ ലില്ലി തുടങ്ങിയവയും ചിത്ര ശലഭങ്ങള്‍ക്ക് ഭക്ഷണായി നട്ടു വളര്‍ത്തുന്നുണ്ട്. പ്രധാനമായും നാല് ഇനം ശലഭങ്ങളാണ് തുമ്പൂര്‍മുഴി ശലഭോദ്യാനത്തില്‍ സാധാരണയായി കാണപ്പെടുന്നത്. അതില്‍തന്നെ ബ്ലൂ ടൈഗര്‍, ബ്ലൂ ബോട്ടില്‍ എന്നീ ഇനങ്ങളാണ് അധികവും. ചിത്രശലഭങ്ങളിലെ ഭീമന്‍മാരായ ഗരുഡശലഭവും തുമ്പൂര്‍മുഴി ശലഭോദ്യാനത്തില്‍ കണ്ടുവരുന്നു. വിദേശത്തുനിന്നടക്കം നിരവധി ശാസ്ത്രജ്ഞരും കുട്ടികളും ചിത്രശലഭങ്ങളെപ്പറ്റി പഠിക്കാന്‍ തുമ്പൂര്‍മുഴിയിലെത്തുന്നുണ്ട്. ചിത്രശലഭങ്ങളെ കൂടാതെ വേഴാമ്പല്‍ അടക്കമുള്ള പക്ഷികളേയും ഈ മേഖലയില്‍ നേരില്‍ കാണാം. പൂന്തോട്ടത്തിലിരുന്നാല്‍ പുഴയുടെ സൗന്ദര്യവും കാടിന്റെ സൗന്ദര്യവും ആസ്വദിക്കാം.

തൂക്കുപാലം

തുമ്പൂര്‍മുഴി ഉദ്യാനത്തില്‍നിന്നും ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തെയും ബന്ധപ്പെടുത്തി നിര്‍മ്മിച്ച തൂക്കുപാലം കൂടി വന്നതോടെ ആകര്‍ഷണം പതിന്‍മടങ്ങായി. കുത്തിയൊലിച്ചുപായുന്ന ചാലക്കുടിപ്പുഴയ്ക്കു കുറുകെയാണ് ഈ വമ്പന്‍ തൂക്കുപാലം. തുമ്പൂര്‍മുഴി ഉദ്യാനത്തിന് വികസനക്കുതിപ്പേകിയതും തൂക്കുപാലമാണ്. ഈയടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കി തൂക്കുപാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതോടെ സഞ്ചാരികളുടെ എണ്ണവും പത്തിരട്ടിയിലേറെ വര്‍ധിച്ചു. ഇരു ജില്ലകളിലെ പുഴയോര പാര്‍ക്കുകളെ ബന്ധപ്പെടുത്തിയാണ് തൂക്കുപാലം നിര്‍മിച്ചിട്ടുള്ളത്. ഇവിടെനിന്നുള്ള കാഴ്ച ആസ്വാദകരെ ആകര്‍ഷിക്കും. തുമ്പൂര്‍മുഴി ചെക്ക്ഡാമിനുമുകളിലൂടെ വെള്ളം നിറഞ്ഞൊഴുകുന്ന നയനാനന്ദകരമായ കാഴ്ച ഏവരുടേയും മനം കുളിര്‍പ്പിക്കും. ഇത് ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കിയാണ് തൂക്കുപാലത്തിന്റെ നിര്‍മാണം. ചാലക്കുടിപ്പുഴയിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ നിറഞ്ഞൊഴുകുന്ന മനോഹര കാഴ്ചയും ഈ പാലത്തില്‍നിന്നാസ്വദിക്കാം. ഇരുകരകളിലും നിര്‍മ്മിച്ച വലിയ കോണ്‍ക്രീറ്റ് തൂണുകളില്‍ ഇരുമ്പുവടം ബന്ധിപ്പിച്ചാണ് പാലം പണിതിരിക്കുന്നത്. 210 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയുമുള്ള ജില്ലയിലെതന്നെ ഏറ്റവും വലിയ തൂക്കുപാലമാണിത്. അഞ്ചുകോടി രൂപ ചെലവായി. ഒരേസമയം 1200 പേര്‍ക്ക് കാഴ്ച്ചകള്‍ കാണാനുള്ള സൗകര്യമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ 500 പേര്‍ക്കാണ് ഒരേസമയം പ്രവേശനം ലഭിക്കുക.

തുമ്പൂര്‍മുഴി ഡാം

തൃശൂര്‍ എറണാകുളം ജില്ലകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ചാലക്കുടിപുഴയുടെ ഇരുകരകളേയും ബന്ധപ്പെടുത്തി ചെക്ഡാം പണിത് ഇരു ജില്ലകളെയും കുടിനീരൂട്ടുകയുമാണ് ഏഴാറ്റുമുഖംതുമ്പൂര്‍മുഴി പദ്ധതി. ഡാമിലെ ജലം കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനോടുചേര്‍ന്നാണ് തുമ്പൂര്‍മുഴി ശലഭോദ്യാനവും വര്‍ണവൈവിധ്യങ്ങള്‍ ഇഴചേര്‍ന്ന പാര്‍ക്കും. എറണാകുളം ജില്ലയില്‍പെട്ട ഭാഗം ഏഴാറ്റുമുഖമെന്നും തൃശൂര്‍ജില്ലയിലുള്ള ഭാഗത്തെ തുമ്പൂര്‍മുഴിയെന്നും അറിയപ്പെടുന്നു. മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വെത്യാസമില്ലാതെ നിറഞ്ഞുകിടക്കുന്ന തുമ്പൂര്‍മുഴി ഡാം അതിമനോഹരമായ ദൃശ്യമാണ്. ഡാമിന് മുകളിലൂടെയും വലതുകര, ഇടതുകര കനാലുകളുടെ വിയറിന്മേലൂടെയും മുത്തുമണികള്‍ പോലെ വെള്ളം ഒഴുകിവീഴുന്ന കാഴ്ച മനസ്സിനെ മായാപ്രപഞ്ചത്തിലെത്തിക്കും.

വാച്ച് ടവര്‍

പുഴയുടെയും മലയുടെയും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനായി അമ്പതടിയിലേറെ ഉയരത്തിലുള്ള വാച്ച്ടവറും വിവിധ തട്ടുകളായുള്ള വ്യൂവിങ് ഗാലറിയും ഒരുക്കിയിട്ടുണ്ട്. കടുത്ത വേനലിലും പച്ചപ്പുവിടാത്തെ മലനിരയും പൂ മരങ്ങളും ചെടികളും പുഴയിലെ പാറക്കെട്ടുകളും അവക്കിടയിലൂടെ പതഞ്ഞൊഴുകുന്ന പുഴയും ഇവിടെനിന്നാസ്വദിക്കാം.

പാര്‍ക്ക്

കുട്ടികള്‍ക്കായി മള്‍ട്ടി സ്ലൈഡിങ് റൈഡുകള്‍ തുടങ്ങിയ കളിയുപകരണങ്ങള്‍ ഉദ്യാനത്തിലുണ്ട്. ചക്കപ്പായസം, ചക്ക ഉണ്ണിയപ്പം തുടങ്ങി എപ്പോഴും ചക്ക വിഭവങ്ങള്‍ കിട്ടുന്ന കാന്റീനും തുമ്പൂര്‍മുഴിയിലുണ്ട്.

ഫ്രൂട്‌സ് ഗാര്‍ഡന്‍

തുമ്പൂര്‍മുഴിയിലെ പുതിയ പദ്ധതിയാണ് ഫ്രൂട്‌സ് ഗാര്‍ഡന്‍. ഒന്നര ഏക്കര്‍ സ്ഥലത്ത് നൂറിലേറെ ഇനം പഴംഫലവൃക്ഷങ്ങള്‍ കൃഷിചെയ്തിരിക്കുന്നു. ആപ്പിള്‍, പിസ്ത, ലോലിപ്പഴം, ഓറഞ്ച്, ബദാം തുടങ്ങി നിരവധിയിനം പഴങ്ങളുടെ തൈകള്‍ നട്ടിട്ടുണ്ട്.

സില്‍വര്‍ സ്‌റ്റോം, ഡ്രീം വേള്‍ഡ് എന്നീ വാട്ടര്‍ തീം പാര്‍ക്കുകളുടെ ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ പാര്‍ക്കിലേക്ക് ചാലക്കുടിയില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമാണ് തുമ്പൂര്‍മുഴിയിലേക്ക്. അതിരപ്പിള്ളി മലക്കപ്പാറ വാല്‍പ്പാറ യാത്രക്കെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കേന്ദ്രമാണ് തുമ്പൂര്‍മുഴി. ജില്ലാ ടൂറിസം കൗണ്‍സിലിന്റെ ടൂര്‍ പാക്കേജായ ജംഗിള്‍ സഫാരി ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കൂടുതല്‍ അവസരം കൈവന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>