Wednesday , 25 April 2018
Headlines
തെരുവീഥികളിലെ അള്‍ത്താരകളില്‍ ദൈവത്തെ തിരഞ്ഞ വി. മദര്‍ തെരേസ

തെരുവീഥികളിലെ അള്‍ത്താരകളില്‍ ദൈവത്തെ തിരഞ്ഞ വി. മദര്‍ തെരേസ

Fr-Anto-Karippai

ഫാ. ഡോ. ആന്റോ കരിപ്പായി

ഇരിങ്ങാലക്കുട രൂപത ഏകോപനസമിതി സെക്രട്ടറി

പാരിസിലെ പോണ്ട് ബി ആല്‍മ റോഡിലെ ടണലില്‍വെച്ച് ഉണ്ടായ കാറപകടത്തെ തുടര്‍ന്ന് 1997 ഓഗസ്റ്റ് 31 -ാം തിയ്യതി ഇംഗ്ലണ്ടിലെ വെയില്‍സ് രാജകുമാരി അകാലമൃത്യു വരിച്ച് വെറും 5 ദിവസങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ 5-ന് കല്‍ക്കട്ടയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പാവങ്ങളുടെ അമ്മ മദര്‍ തെരേസയും പുണ്യചരമം പ്രാപിച്ചു. ജന്മം കൊണ്ടും കര്‍മം കൊണ്ടും രണ്ടുപേര്‍ തമ്മില്‍ സമാനതകള്‍ ഒട്ടും തന്നെയില്ല എന്നാല്‍ ലോകമെങ്ങും അറിയപ്പെടുന്ന അസാധാരണ സ്ത്രീരത്‌നങ്ങളായിരുന്നു രണ്ടുപേരും. എലിസബത്ത് രാജ്ഞി ഡയാനയുടെ മരണത്തിന് ശേഷം ലോകത്തെ അഭിസംബോധന ചെയ്തത് ഡയാനയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടായിരുന്നു. ”an exceptional and gifted human being” ലോകസുഖങ്ങളുടെയും ആഡംബരങ്ങളുടേയും മദ്ധ്യേയാണ് അവള്‍ ജീവിച്ചിരുന്നതെങ്കിലും ഒരു വശ്യമായ വ്യക്തിപ്രഭാവത്തിനുടമയായിരുന്നു. ആരോപണങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഡയാനയെ വേട്ടയാടിയിരുന്നു, എങ്കിലും ആരാധകരുടെ നീണ്ട നിരതന്നെ ചാരുതയാര്‍ന്ന ആ ഔദ്യോഗിക ജീവിതത്തിനിടയിലും ഉണ്ടായിരുന്നു.

എന്നാല്‍ ആനയും അമ്പാരിയുമില്ലാതെ വഴിയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരുടെ കണ്ണീരൊപ്പാനും അവലംബമാകാനും സ്വന്തം മാതാപിതാക്കളാല്‍ ഉപേക്ഷിച്ചുപോയ കുഞ്ഞുങ്ങള്‍ക്ക് അപ്പനും അമ്മയും ആകാനും ജീവിതം ഒഴിഞ്ഞുവെച്ച മദര്‍ തെരേസയും ഇന്ന് ലോകമനസാക്ഷിയുടെ നെറുകയില്‍ ഇടംപിടിച്ചവളാണ്. ജന്മം കൊണ്ട് കാര്യമായ കുലമഹിമയോ, മഹിതമായ പാരമ്പര്യമോ, സ്ഥാനമാനങ്ങളോ ഡയാനയെപോലെ മദര്‍ തെരേസക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല. എന്നാല്‍ ജീവിച്ചിരുന്നപ്പോള്‍ ലോകത്തിലെ പരമോന്നത ബഹുമതിയായ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആ പുണ്യവതിയെ തേടിയെത്തി. മരിച്ചപ്പോള്‍ നൂറോളം ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍ തന്നെ ആ സംസ്‌കാരകര്‍മത്തിന് കല്‍ക്കട്ടയില്‍ എത്തിച്ചേര്‍ന്നു. അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഒന്നിനൊന്നായി ലഭിച്ചിട്ടും ലോക പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചേര്‍ന്നിട്ടും മദര്‍ എന്നും വിനയാന്വിതയായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധയെന്ന് അറിയപ്പെട്ടിരുന്ന മദര്‍ തെരേസ ഇന്നിതാ ആധികാരികമായി അഭിദാനത്തിന് അര്‍ഹമായിരിക്കുന്നു.

മദര്‍ തെരേസ പറഞ്ഞു ” പ്രാര്‍ഥനയുടെ ഫലം വിശ്വാസത്തിന്റെ ആരംഭമാണ്. വിശ്വാസത്തിന്റെ ഫലം സ്‌നേഹമാണ്. സ്‌നേഹത്തിന്റെ ഫലം സേവനമാണ്. സേവനത്തിന്റെ ഫലം സമാധാനമാണ്. സ്‌നേഹത്തിന്റെ പ്രവര്‍ത്തികള്‍ സമാധാനത്തിന്റെ പ്രവര്‍ത്തികളാണ്”. പ്രാര്‍ഥനയില്‍ നിന്നും പ്രത്യേകിച്ച് വി. കുര്‍ബാനയില്‍ നിന്നും സംഭരിച്ച ഊര്‍ജം സഹജീവികളിലേക്കൊഴുക്കുന്ന ജീവിത ശൈലിയാണ് മദര്‍ തെരേസ സ്വീകരിച്ചത്. മദര്‍ ഉദ്‌ബോധിപ്പിച്ചു ” രോഗികളിലും ദരിദ്രരിലും നിങ്ങള്‍ കേവല മനുഷ്യരെയല്ല കാണേണ്ടത്. നിങ്ങള്‍ ശുശ്രൂഷിക്കുന്നവരുടെ വ്രണങ്ങളില്‍ യേശുവിന്റെ തിരുമുറിവുകള്‍ കാണുക. അപരനിലുള്ളത് യേശുവാണെന്ന വീക്ഷണമാകട്ടെ നിങ്ങളുടെ ഏറ്റവും വലിയ കണ്ടുപിടുത്തം”. തെരുവീഥികളിലെ അള്‍ത്താരകളില്‍ ദൈവത്തെ തിരയുകയായിരുന്നു മദര്‍ തെരേസ ചെയ്തത്. അനാഥ പൈതങ്ങളിലും ആരും പേരുമില്ലാത്ത വൃദ്ധസദനങ്ങളിലും അവരുടെ കണ്ണെത്തി. നിസഹായരായ രോഗികളിലും നിരാലംബരായ മരണാസന്നരിലും അവള്‍ ദൈവത്തെ കണ്ടു. തെരുവോരങ്ങളില്‍ പ്രച്ഛന്നരൂപിയായ ദൈവത്തെ കണ്ടെത്തുംവരെ അവളുടെ ഹൃദയം വിങ്ങുകയായിരുന്നു.

മദര്‍ തെരേസയുടെ സമര്‍പ്പണ ജീവിതത്തിന്റെ ആദര്‍ശവാക്യം ഇതാണ് ” ഞാന്‍ ദൈവത്തിന്റെ കൈയ്യിലെ കുറ്റി പെന്‍സിലാണ്. അവിടുന്ന് തന്നെ ചിന്തിക്കുന്നു, അവിടുന്ന് തന്നെ എഴുതുന്നു”. മനുഷ്യന്‍ ദൈവനിയോഗത്തിന്റെ തന്നെ നിമിത്തങ്ങള്‍ മാത്രമാണെന്ന് മദര്‍ വിശ്വസിച്ചു. താനാകുന്ന പെന്‍സില്‍ എഴുതപ്പെടാന്‍ വിട്ടുകൊടുത്തു. 87 വര്‍ഷക്കാലം തമ്പുരാന്‍ ഈ കുറ്റി പെന്‍സില്‍ ഉപയോഗിച്ചു. അതിന്റെ മുന ഒരിക്കലും ഒടിഞ്ഞില്ല. ഇപ്പോള്‍ സ്വര്‍ഗരാജ്യത്തിലും അത് നമുക്ക് വേണ്ടി എഴുതപ്പെടുകയാണ്.

ആര്‍ദ്രതയുള്ള സഹൃദയം എന്നാല്‍ അനീതികള്‍ക്കും അക്രമണത്തിനും അധാര്‍മ്മികതയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. 1994 ല്‍ വാഷിംഗ്ടണിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ 3000 പേര്‍ സമ്മേളിച്ചിരിക്കുമ്പോള്‍ ഇപ്പോഴത്തെ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ ഭ്രൂണഹത്യയെ അനുകൂലിച്ച് പ്രസംഗിച്ചു. ആ സമ്മേളനത്തില്‍ മദര്‍ തെരേസയും സന്നിഹിതയായിരുന്നു. ഇന്ന് ലോകത്തിലെ സമാധാനത്തിന്റെ ഏറ്റവും വലിയ നാശകാരി ഭ്രൂണഹത്യ ആണെന്നും ഭ്രൂണഹത്യ കുഞ്ഞുങ്ങള്‍ക്കെതിരെ ചെയ്യുന്ന യുദ്ധമാണെന്നും സ്വന്തം അമ്മ തന്നെ ചെയ്യുന്ന കൊലപാതമാണെന്നും ഓര്‍മിപ്പിച്ചുകൊണ്ട് മദര്‍ കടുത്ത ഭാഷയില്‍ സംസാരിച്ചു. ഒരമ്മ കുഞ്ഞിനെ കൊല്ലുന്നത് അനുവദനീയമാണെങ്കില്‍ എങ്ങനെ നമുക്ക് ഒരാള്‍ മറ്റൊരാളെ കൊല്ലരുത് എന്ന് പറയാന്‍ കഴിയും എന്ന് മദര്‍ ചോദിച്ചു. അമ്മയുടെ വാക്കും പ്രവര്‍ത്തികളും ലോകമനസാക്ഷിക്കുമുമ്പില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള അവസരങ്ങളില്‍ ഒന്നാണ് ഇത്. സമൂഹത്തില്‍ രൂപപ്പെടുന്ന വിപരീത സംസ്‌ക്കാരങ്ങള്‍ക്ക് ചോദ്യചിഹ്നമായി മദര്‍ മാറിയിട്ടുണ്ട്. മദര്‍ തെരേസ വിശുദ്ധയാക്കപ്പെടുന്നതോടുകൂടി ഒരു പുതിയ മാനവസംസ്‌ക്കാരം രൂപപ്പെടാന്‍ മദറിന്റെ ജീവിതം നമുക്ക് എന്നും ചര്‍ച്ചാവിഷയമാക്കാം. ഏതോ യുഗപ്പകര്‍ച്ചയുടെ നിമിഷങ്ങളില്‍ തെറ്റിനെ തിരുത്താനും നന്മയെ നുകരാനും മദര്‍ പ്രചോദനം നല്‍കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>