Wednesday , 25 April 2018
Headlines
അഗ്നിചറകുള്ള സ്വപ്‌നങ്ങള്‍ ; കലാമിന്റെ ജന്മദിനം ഒക്ടോബര്‍ 15ന്

അഗ്നിചറകുള്ള സ്വപ്‌നങ്ങള്‍ ; കലാമിന്റെ ജന്മദിനം ഒക്ടോബര്‍ 15ന്

മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലര്‍ പറയുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. എനിക്ക്ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റേയും ആത്മീയസമ്പൂര്‍ണതയുടേയും മാര്‍ഗം മാത്രമാണ്”.

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ആദരണീയനായ അന്തരിച്ച ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റേതാണ് ഈ വാക്കുകള്‍. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 1931 ഒക്ടോബര്‍ 15ന് ജൈനുലാബ്ദിന്റേയും ആയിഷമ്മയുടേയും ഇളയ മകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ എ.പി.ജെ.അബ്ദുള്‍കലാം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളില്‍ ആയിരുന്നു. ഏറ്റവും താല്പര്യമുള്ള വിഷയം ഗണിതം ആയിരുന്നു. ഉപരിപഠനം തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍. 1954ല്‍ ഭൗതിക ശാസ്ത്രത്തില്‍ അവിടെനിന്ന് ബിരുദം നേടി. അതിനുശേഷം മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും എയ്‌റോസ്‌പേസ് എഞ്ചിനിയറിംഗില്‍ ബിരുദമെടുത്തു. പിന്നീട് ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ ഡെവലപ്‌മെന്റ് ആന്റ് പ്രൊഡക്ഷന്‍ [എയര്‍] എന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചു. അവിടെ വച്ചാണ് അദ്ദേഹം, ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കുന്ന ഹോവര്‍ക്രാഫ്റ്റിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതും `നന്ദി’ എന്നു പേരുള്ള ഹോവര്‍ക്രാഫ്റ്റ് നിര്‍മിച്ച് അത് വിജയകരമായി പറപ്പിച്ചതും. അദ്ദേഹത്തിന്റെ പ്രതിഭ കണ്ടറിഞ്ഞ പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയുടെ ക്ഷണം അനുസരിച്ച്1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ചേരുകയും തിരുവനന്തപുരത്തുള്ള തുമ്പയില്‍ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങുകയും ചെയ്തു.

1963 നവംബര്‍ 1ന് ഇന്ത്യയില്‍നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്കിഅപ്പാച്ചി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആകാശത്തേക്കുയര്‍ന്നു.1969ല്‍ അദ്ദേഹം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേനില്‍ അംഗമായി. 1979 ആഗസ്റ്റ് 30ന് ശ്രീഹരികോട്ടയില്‍നിന്ന് എസ്.എല്‍.വി. എന്ന ഉപഗ്രഹ വിക്ഷേപണ വാഹനം വിക്ഷേപിച്ചെങ്കിലും അത് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ തകര്‍ന്നുവീണു. എങ്കിലും, 1980 ജൂലൈ 17ന് രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം ഭ്രമണപഥത്തിലെത്തിച്ചു. 1982ല്‍ അദ്ദേഹം ഹൈദ്രാബാദിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ഡിആര്‍ഡിഒ തലവനായി നിയമിതനായി. പിന്നീട് അദ്ദേഹം പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിള്‍ എന്ന ഉപഗ്രഹ വിക്ഷേപണ വാഹനം വികസിപ്പിച്ചെടുത്തു. ഇതിനുശേഷം അദ്ദേഹം സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതി തയ്യാറാക്കുകയും ഈ പദ്ധതിയുടെ കീഴില്‍ നിരവധി മിസൈലുകള്‍ വിക്ഷപിക്കുകയുമുണ്ടായി. അഗ്‌നി എന്ന മദ്ധ്യദൂര ബാലിസ്റ്റിക് മിസൈല്‍, പൃഥി എന്ന സര്‍ഫസ്ടുസര്‍ഫസ് മിസൈല്‍ എന്നിവ ഇവയില്‍ ചിലതാണ്. പിന്നീട് അദ്ദേഹം പ്രധാന മന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായും പ്രതിരോധ വികസന കേന്ദ്രത്തിന്റെ സെക്രട്ടറിയായും നിയമിതനായി.

സൗരോര്‍ജ്ജത്തെ ഉപയോഗിച്ച് ബഹിരാകാശത്തേക്കുള്ള ഊര്‍ജ്ജ പ്‌ളാന്റുകള്‍ എന്ന ആശയം അദ്ദേഹത്തിനുണ്ടായിരുന്നു. അതുപോലെ, സ്വതന്ത്ര സോഫ്ട് വെയര്‍ന്റെ ഉപയോഗം കൂടുതല്‍ ജനങ്ങള്‍ക്ക് വിവര സാങ്കേതിക വിദ്യകൊണ്ടുള്ള പ്രയോജനം ലഭിക്കാന്‍ കാരണമാകുമെന്നും വിശ്വസിച്ചിരുന്നു. 2002ല്‍ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ടെക്‌നോളജിയില്‍ സേവനം ചെയ്തുവരുകയായിരുന്നു. അവിവാഹിതനായിരുന്നു അദ്ദേഹം. അതുപോലെ, പൂര്‍ണ സസ്യഭുക്കായിരുന്നു. ശാസ്ത്രജ്ഞനായ ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതിയാണ് അദ്ദേഹം.

ഒരുപാട് സ്വപ്നങ്ങളുള്ള ആളായിരുന്നു ഡോ. എ.പി.ജെ.അബ്ദുള്‍ കലാം. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യം ആകണമെങ്കില്‍ നിങ്ങള്‍ ആദ്യം സ്വപ്നം കാണണമെന്ന് അദ്ദേഹം പറയുമായിരുന്നു. അഗ്‌നിച്ചിറകുള്ള സ്വപ്നങ്ങളില്‍ പ്രധാനപ്പെട്ടവ, 1. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നാം ബഹുമാനിക്കണം, ഈ സ്വാതന്ത്ര്യം നാം സംരക്ഷിക്കുകയും വേണം. 2. ഇന്ത്യ സ്വയം വികസിത രാജ്യമാകേണ്ട സമയമായി., ഒരു സ്വയംപര്യാപ്ത രാജ്യമായി ഇന്ത്യ മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു. 3. ഇന്ത്യ ലോകത്തിനു മുന്‍പില്‍ നിവര്‍ന്നു നില്‍ക്കണം. ശക്തി മാത്രമേ ശക്തിയെ തിരിച്ചറിയൂ. ഇന്ത്യ സൈനിക ശക്തി മാത്രമല്ലാ സാമ്പത്തിക ശക്തിയുമാകണം. ഇവ രണ്ടും ഒന്നിച്ച് പോകണം.

മുപ്പതോളം സര്‍വ്വകലാശാലകളില്‍നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. 1981ല്‍ പത്മഭൂഷണ്‍,1990ല്‍ പദ്മ വിഭൂഷന്‍, 1997ല്‍ ഭാരതരത്‌നം എന്നിവ നല്‍കി ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അഗ്‌നിച്ചിറകുകള്‍ എന്ന തന്റെ ആത്മകഥയെഴുതിയിട്ടുണ്ട്. കൂടാതെ, നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 2015 ജൂലൈ 27ന് അദ്ദേഹം അന്തരിച്ചു. തമിഴ്‌നാട്ടിലെ തങ്കച്ചിമഠം പഞ്ചായത്തിലെ പേക്കരമ്പില്‍ അദ്ദേഹത്തെ കബറടക്കി. മഹാനായ ശാസ്ത്രജ്ഞന്‍, മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>