Wednesday , 13 December 2017
Headlines
പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും അത്താണിയാകണം സിവില്‍സര്‍വീസ്: മുഖ്യമന്ത്രി

പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും അത്താണിയാകണം സിവില്‍സര്‍വീസ്: മുഖ്യമന്ത്രി

കൊടകര: പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സിവില്‍സര്‍വീസ് മുന്‍തൂക്കം കൊടുക്കണമെന്ന് പിണറായി വിജയന്‍ കൊടകരയില്‍ പറഞ്ഞു. കൊടകര പുതുതായി നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുരോഗതിയിലേക്കുള്ള പ്രയാണത്തിന് സിവില്‍ സര്‍വീസിന് വലിയപങ്കുണ്ട്. സിവില്‍ സര്‍വ്വീസിനെ ജനോപകാരപ്രദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൃത്യതയോടെ ജോലികള്‍ ചെയ്തു തീര്‍ക്കണമെന്നും തെറ്റായപ്രവണതകളെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വെച്ചു താമസിപ്പിക്കുക, ഒരു തീരുമാനവും എടുക്കാതിരിക്കുക, തട്ടിക്കളിക്കല്‍ ഇതൊന്നും സര്‍ക്കാര്‍ അംഗീകരിക്കില്ല. പുതിയമുഖത്തോടെ സിവില്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനം വന്നുകഴിഞ്ഞിട്ടുണ്ട്. പഴയശീലം ഉപേക്ഷിക്കാത്തവര്‍ വേഗം പുതിയ ശീലത്തിലേക്ക് എത്തുന്നതാണ് നന്നാവുകയെന്നും അത് ഉള്‍ക്കൊള്ളുകയും വേണം. തീരുമാനമെടുക്കേണ്ട അധികൃതര്‍ അഴിമതി നടത്തരുത്.

സിവില്‍ സര്‍വീസില്‍നിന്നും അഴിമതി ഒഴിവാക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ല. എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യത്തിന് ശമ്പളവും ആനുകൂല്യങ്ങളുമുണ്ട്. പുറം വരവ് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുകൊണ്ട് അത്തരം ആഗ്രഹങ്ങള്‍ വച്ചുപുലര്‍ത്തേണ്ട. സിവില്‍ സര്‍വ്വീസ് വിഭാഗത്തിന് ലോകോത്തര പരിശീലന സംവിധാനം സജീകരിക്കും. താഴെതട്ടിലുള്ള പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാവുന്ന തലത്തിലുള്ള പരിശീലന സംവിധാനം സ്വീകരിക്കും. കേരളമോഡല്‍ കാലാനുസൃതമായി ശക്തിപ്പെടുത്തണം. നാട് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നു. കിണറുകള്‍, തോടുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസുകള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ നല്ലതോതില്‍ വീണ്ടെടുക്കാനാകണം. വരള്‍ച്ചയെ നേരിടാന്‍ തൈകള്‍ വച്ചുപിടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി താക്കോല്‍ ദാനം നിര്‍വഹിച്ചു. വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍, ബി.ഡി. ദേവസി എം.എല്‍.എ., ഷീല വിജയകുമാര്‍, ഡോ. എ. കൗശിഗന്‍ ഐ.എ.എസ്, സി.കെ. അന്തകൃഷ്ണന്‍, പി.ആര്‍. പ്രസാദന്‍, എം.കെ. ഷൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>