Wednesday , 25 April 2018
Headlines
കര്‍ഷകരുടെ നടുവൊടിച്ച് മറ്റത്തൂരില്‍ ചുഴലി കൊടുങ്കാറ്റിന്റെ താണ്ഡവം

കര്‍ഷകരുടെ നടുവൊടിച്ച് മറ്റത്തൂരില്‍ ചുഴലി കൊടുങ്കാറ്റിന്റെ താണ്ഡവം

കൊടകര: മറ്റത്തൂര്‍, കോടശേരി പഞ്ചായത്തിലും പരിസരങ്ങളിലുമായി കഴിഞ്ഞദിവസം വീശിയടിച്ച ചുഴലി കൊടുങ്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശനഷ്ടം. 25000 ത്തോളം വാളകളാണ് വിവിധ കൃഷിയിടങ്ങളിലായി കൊടുങ്കാറ്റില്‍ ഒടിഞ്ഞുവീണത്. മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര, കടമ്പോട്, മോനൊടി, കൊടുങ്ങ, കിഴക്കെ കോടാലി, മുട്ടത്തുകുളങ്ങര, കോടശേരി പഞ്ചായത്തിലെ കോര്‍മല, വൈലാത്ര പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. വാഴ, മരച്ചീനി, ജാതി, കൊള്ളി, റബ്ബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയ ഒട്ടേറെ കാര്‍ഷിക വിളകള്‍ക്കും നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ലൈനിനു മുകളിലൂടെ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി വകുപ്പിന്റെ ശ്രമഫലമായി പലയിടത്തും വൈകീട്ടോടെ വൈദ്യുതി വിതരണം പുനരാരംഭിച്ചെങ്കിലും പലയിടത്തും ഇനിയും ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. കോര്‍മല വൈലാത്ര കൈപ്പുഴ ബാബുവിന്റെ ഓടിട്ടവീട് കാറ്റില്‍ മരം ഒടിഞ്ഞുവീണ് ഭാഗികമായി തകര്‍ന്നു. വീട്ടില്‍ വാടക്ക് താമസിച്ചിരുന്ന പ്രഭ എന്നയാള്‍ കുട്ടികളുമായി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വൈലാത്രയിലെ വള്ളിയുടെ വീട് മരംവീണ് നാശമായി. മോനൊടി, വെള്ളിക്കുളങ്ങര പഴയ വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ രണ്ടു വീടുകള്‍ക്കും കേടുപാടുണ്ട്. കൊടുങ്ങ സ്വദേശി പുളിക്കപറമ്പില്‍ ഗോപി മുട്ടത്തു കുളങ്ങരയിലും മോനൊടിയിലും പാട്ടത്തിനെടുത്ത് കൃഷിചെയ്ത 4000 ത്തോളം വാഴകളില്‍ 1200 ഓളം വാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. കൊടുങ്ങയിലെ പാറമേല്‍ ജോസ് മോനൊടി പാടത്ത് കൃഷിചെയ്ത 700 വാഴയും ഒടിഞ്ഞു. കൊടുങ്ങ കിഴക്കിനേടത്ത് സജിയുടെ 350 നേന്ത്രവാഴ വീണു നശിച്ചു. പുളിന്തറ ഞാറെക്കാടന്‍ ശങ്കരന്‍കുട്ടിയുടെ 250ഓളം കുലച്ച വാഴകള്‍ ഒടിഞ്ഞുവീണു.
കോര്‍മല അമ്പാട്ടു പറമ്പില്‍ സുബ്രന്‍ (100), പുന്നേക്കാടന്‍ അയ്യപ്പന്‍ (100), വൈലാത്ര മാടാനി ജോയ്് (20), കോപ്ലി പൈലിക്കുട്ടി (25), കുഴൂക്കാരന്‍ കുമാര്‍ (60), അഴകത്ത് സുബ്രന്‍ (100), തിരുത്തി കാളിപ്പെണ്ണ് (50), പുന്നേക്കാട്ട് കൃഷ്ണന്‍ (160), തീതായി അന്തോണി (100), തീതായി ദേവസി (80), കൊടുങ്ങ മാന്താനത്ത് പീറ്റര്‍ (250), വെള്ളിക്കുളങ്ങര കണ്ണന്തറ പരമേശ്വരന്‍ (250) കൊടുങ്ങ തേമാത്ത് രാജേഷ് (50), കാവുങ്ങല്‍ ഗ്രേസി ജോയിയുടെ (15), നേന്ത്രവാഴകളും ഒടിഞ്ഞുവീണു. റോസറി ഹില്‍ ആശ്രമത്തില്‍ കൃഷിചെയ്ത 200 ഓളം വാഴകളും കാറ്റ് നശിപ്പിച്ചു. ഇല്ലത്തുപറമ്പില്‍ ഇന്ദിര, ഇല്ലത്ത് പറമ്പില്‍ രവി, മേക്കാടന്‍ ശശി, മേക്കാടന്‍ രവി, ചേക്കപറമ്പില്‍ ജോസ്, മണവാളന്‍ വിത്സന്‍, പുന്നേലിപറമ്പില്‍ പോള്‍, തെക്കുംപുറം ബൈജു, എന്‍.പി. കോയക്കുട്ടി എന്നിവരുടെയും നിരവധി നേന്ത്രവാഴകളും ഒടിഞ്ഞുവീണു നശിച്ചു. വൈലാത്ര പൂത്തറ വാസുവിന്റെ 2500 ഓളം മരച്ചീനിയും നിലംപൊത്തി. തൃക്കാശേരി ഗിരിജാ വല്ലഭന്റെ 100 ഓളം കദളി വാഴയും 2 ജാതിയും നശിച്ചു. വടക്കേക്കര ജെയ്ക്കബിന്റെ 10 ഓളം റബ്ബറും 1 ജാതിയും കാറ്റില്‍ ഒടിഞ്ഞു. വയലാത്ര സ്വദേശികളായ അപ്പാട്ടുപറമ്പില്‍ സുബ്രന്‍, പാലക്കാടന്‍ ചാത്തന്‍കുട്ടി, തീതായി യോഹന്നാന്‍, മാടമ്പി ജോയി, കുഴുക്കാരന്‍ കുമാരന്‍ എന്നിവരുടെ വാഴ, മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കും നാശമുണ്ടായി. വെള്ളികുളങ്ങര പാലിയം പറമ്പില്‍ ശാന്ത കൃഷ്ണന്റെ ഓടിട്ട വീടിനു മുകളിലൂടെ പ്ലാവ് വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. വെള്ളിക്കുളങ്ങര നടുവള്ളി ഷംസുദ്ദീന്റെ ടെറസ് വീടിന് മുകളില്‍ തേക്ക് വീണു. വീട്ടില്‍ ആളുണ്ടാവാതിരുന്നതിനാല്‍ ആര്‍ക്കും പരുക്കില്ല.
മറ്റത്തൂര്‍ കോടശ്ശേരി പഞ്ചായത്തുകളില്‍ ഇനിയും ഒട്ടേറ വാഴകള്‍ നശിച്ചിട്ടുണ്ടെന്നും 25000ത്തോളം വാഴകള്‍ക്ക് നാശം സംഭവിച്ചതായും മറ്റത്തൂര്‍ അസി. കൃഷി ഓഫീസര്‍ കെ.കെ. നന്ദനന്‍ അറിയിച്ചു. മറ്റത്തൂര്‍ കോടശേരി പഞ്ചായത്തിലുണ്ടായ കൃഷി നാശത്തെകുറിച്ച് കൃഷി മന്ത്രിക്ക് വിവരം നല്‍കിയെന്നും കര്‍ഷകര്‍ക്ക് തക്കതായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് സഹായമെത്തിക്കുമെന്നും മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷകസമിതി പ്രസിഡന്റ് സി.കെ. പീതാംബരന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>