Wednesday , 13 December 2017
Headlines
ആചാരങ്ങളും ഐതിഹ്യങ്ങളും ഇഴചേര്‍ന്ന തൃശൂര്‍ പൂരപ്പെരുമ

ആചാരങ്ങളും ഐതിഹ്യങ്ങളും ഇഴചേര്‍ന്ന തൃശൂര്‍ പൂരപ്പെരുമ

*മഠത്തില്‍ വരവ്

തൃശൂര്‍: മഠത്തില്‍ വരവിനെക്കുറിച്ച് രസകരമായൊരു ഐതിഹ്യമുണ്ട്. തൃശൂര്‍ നടുവില്‍ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു. ഈ മഠത്തിന് രക്ഷാധികാരിയായിരുന്നത് നടുവില്‍ മഠം സ്വാമിയാര്‍ ആണ്. ഈ മഠത്തിന്റെ കൈവശം സ്വര്‍ണത്തില്‍ പൊതിഞ്ഞ നെറ്റിപട്ടങ്ങള്‍ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാല്‍ തിരുവമ്പാടി വിഭാഗത്തിന് ഈ നെറ്റിപട്ടങ്ങള്‍ കിട്ടിയാല്‍ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാര്‍ സ്വാമിയാരെ സമീപിച്ചപ്പോള്‍, ആനകളെ മഠത്തിലേക്ക് കൊണ്ടുവരികയാണെങ്കില്‍ നെറ്റിപട്ടം അവിടെ വെച്ച് അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടര്‍ന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് വരാനും അവിടെ വെച്ച് നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വര്‍ണം പൊതിഞ്ഞ നെറ്റിപട്ടങ്ങള്‍ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ് തുടര്‍ന്നു വരുന്നു.

നടുവില്‍ മഠത്തില്‍ ദേവ ചൈതന്യം ഉള്ളതു കൊണ്ട് അവിടെ വെച്ച് ഒരു ‘ഇറക്കി പൂജയും’ നടത്തുന്നു. രാവിലെ എട്ടു മണിക്കാണ് മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്നത്. രണ്ടരമണിക്കൂര്‍ കൊണ്ട് ഇത് മഠത്തില്‍ എത്തിച്ചേരുന്നു. ‘ഇറക്കി പൂജ’ കഴിഞ്ഞ് പതിനൊന്നരയോടെ മഠത്തില്‍ വരവ് ആരംഭിക്കും. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത്‌നായ്ക്കനാല്‍ എത്തിച്ചേരുമ്പൊള്‍ എണ്ണം 15 ആകും.

മഠത്തില്‍ വരവ് അതിന്റെ പഞ്ചവാദ്യമേളത്തിലാണ് പ്രസിദ്ധിയാര്‍ജ്ജിച്ചത്. ഇതില്‍ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാര്‍ പങ്കെടുക്കും. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം.! ഒന്‍പത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ് കണക്ക്. ഇത് തെറ്റുവാന്‍ പാടില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യം ലോക പ്രസിദ്ധമാണ്. ഈ പഞ്ചവാദ്യം നായ്ക്കനാലില്‍ മധ്യകാലവും തീരുകാലശം കൊട്ടും. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലില്‍ നിന്ന് തേക്കിന്‍കാട് മൈതാനത്തേക്ക് കടക്കും. ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങും.

*പാറമേക്കാവിന്റെ പുറപ്പാട്

ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിന്റെ പൂരം തുടങ്ങുന്നത്. പൂരത്തില്‍ പങ്കുചേരാനായി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളും. പാറമേക്കാവ് ക്ഷേത്രാങ്കണത്തില്‍ നിന്നു തുടങ്ങുന്നചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങും. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കും. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കും. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയില്‍ എത്തും.

*ഇലഞ്ഞിത്തറ മേളം

പൂരം നാളില്‍ മേളം തുടങ്ങുന്നതിന് മുന്‍പ് ഇലഞ്ഞിത്തറ, വലത്തേ മൂലയില്‍ ഇലഞ്ഞിമരവും കാണാം
വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ് എഴുന്നള്ളത്ത് അവസാനിക്കുക. പിന്നീടാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പാണ്ടി മേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്. കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോള്‍ നിലവിലുള്ള ഇലഞ്ഞി 2001ല്‍ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബര്‍ 11 ന് നട്ടതാണ്.

വാദ്യക്കാരുടെ എണ്ണം മഠത്തില്‍ വരവിലേത് പോലെതന്നെ നിരവധിയാണ്. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുന്‍ നിരയില്‍ ഉരുട്ട് ചെണ്ടക്കാര്‍ 15 പേരാണ്. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകള്‍, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേര്‍ കൂടിയാണ്. ഈ കണക്കില്‍ മാത്രം 222 പേര്‍ വരും എന്നാലും എല്ലാ വര്‍ഷവും ഇതിലും അധികം വാദ്യക്കാര്‍ വരാറുണ്ട്. മിക്കവര്‍ക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതില്‍ക്കകത്ത് കൊട്ടുന്നത് തൃശൂര്‍ പൂരത്തിന് മാത്രമാണ് എന്നതാണ്. മേളത്തിന്റെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ് ക്ഷേത്രമതില്‍ക്കകത്ത് കൊട്ടാറുള്ളത്.

പതികാലത്തില്‍ തുടങ്ങുന്ന മേളം സാവധാനമാണ്. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകും. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ് മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേല്‍ ചെണ്ട തുടങ്ങും. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാല്‍ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ് വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാര്‍ദ്ധത്തില്‍ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.

*തെക്കോട്ടിറക്കം

ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. പാറമേക്കാവിന്റെ 15 ആനകള്‍ തെക്കോട്ടിറങ്ങി കോര്‍പ്പറേഷന്‍ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നില്‍ക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.

*കൂടിക്കാഴ്ച കുടമാറ്റം

ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ്തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. ഓരോ കുട ഉയര്‍ത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയര്‍ത്തിയ ശേഷമേ അടുത്ത കുട ഉയര്‍ത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റ് 14 ആനകള്‍ക്ക് ഉയര്‍ത്തുന്ന കൂടയേക്കാള്‍ വ്യത്യാസമുള്ളതായിരിക്കും.

എല്ലാ വര്‍ഷവും വ്യത്യസ്തമായ കുടകള്‍ അവതരിപ്പിക്കാന്‍ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകള്‍ ഉള്ള കുടകള്‍ അടുത്തകാലത്ത് അവതരിപ്പിച്ചതില്‍ വ്യത്യസ്തതയുള്ള ഒന്നാണ്. മുപ്പതാനകളുടെ (രണ്ടു ഭാഗത്തേയുംകൂടി) മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങള്‍ പകലിന് സുവര്‍ണപ്രഭ സമ്മാനിക്കും. മേളത്തിന്റെ അകമ്പടിയോടെ പിന്നീട് വര്‍ണങ്ങള്‍ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങള്‍ക്കും ആലവട്ടങ്ങള്‍ക്കും മേലേ വര്‍ണക്കുടകള്‍ ഉല്‍സവം തീര്‍ക്കുകയായി. അലുക്കുകള്‍ തൂക്കിയത്, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാര്‍ന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്ന് പ്രദര്‍ശിപ്പിക്കും.

ഇത് മത്സരബുദ്ധിയോടെയാണ് ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്. കാണികള്‍ ആര്‍പ്പുവിളിച്ചും ഉയര്‍ന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും. ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കും. ഇതോടെ പകല്‍പൂരം അവസാനിക്കും. എന്നാല്‍ രാത്രിയും ചെറിയ പൂരങ്ങള്‍ ആവര്‍ത്തിക്കും. പിന്നീട് പുലര്‍ച്ചയാണ് വെടിക്കെട്ട്.

*വെടിക്കെട്ട്

പിറ്റേന്ന് പകല്‍ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ മറ്റൊരു ആകര്‍ഷണം. വെളുപ്പിന് മൂന്നു മണിയോടെയാണ് ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് വെടിക്കെട്ടില്‍ കാര്യമായ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളില്‍ ദൃശ്യത്തിനാണ് ശബ്ദത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം.

*പകല്‍ പൂരം

പൂരപിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശൂര്‍ക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളും. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കും. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കും. അതിനുശേഷം ദേവിമാര്‍ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങും. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകള്‍ സമാപിക്കുന്നു.

*പൂരക്കഞ്ഞി

പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവര്‍ക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നല്‍കാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരിക്കഞ്ഞിയോടൊപ്പം ഉണ്ടാവും. ഒരു പാളയില്‍ കഞ്ഞിയും മറ്റൊരു പാളയില്‍ കറികളും ഉണ്ടാവും. കോരിക്കുടിക്കാന്‍ പ്ലാവില കുമ്പിളും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>