Wednesday , 24 January 2018
Headlines
ചീഞ്ഞുനാറുന്ന കനാല്‍ മാലിന്യം ദുരിതമാകുന്നു

ചീഞ്ഞുനാറുന്ന കനാല്‍ മാലിന്യം ദുരിതമാകുന്നു

കൊടകര: ആളൂര്‍ മേല്‍പാലത്തിനു സമീപം പാലക്കുഴിയില്‍ തടയുന്ന മാലിന്യത്തിന്റെ ദുര്‍ഗന്ധം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. തുമ്പൂര്‍മുഴിയില്‍ നിന്നും പോട്ടവഴി വരുന്ന വലിയകനാലിനു മുകളിലൂടെ റെയില്‍പാത കടന്നു പോകുന്ന ഭാഗത്ത് അണ്ടര്‍ ടണല്‍ വഴി വെള്ളം പാളത്തിന്റെ അപ്പുറത്തേക്ക് കടത്തുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെള്ളം ഒഴുകി അപ്പുഴത്തേക്ക് കടക്കുന്നുണ്ടെങ്കിലും കനാലിലൂടെ എത്തുന്ന ചത്ത ജന്തുക്കളും അവശിഷ്ടങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും പാലത്തില്‍ തടഞ്ഞു നില്‍ക്കുകയാണ്. തടഞ്ഞു നില്‍ക്കുന്ന ജീര്‍ണിച്ച അവശിഷ്ടങ്ങളുടെ ദുര്‍ഗന്ധം സമീപവാസികള്‍ക്ക് ദുരിതമാവുകയാണ്. ചാക്കില്‍ കെട്ടി ഉപേക്ഷിക്കുന്ന കോഴിവേസ്റ്റാണെന്ന് സമീപവാസികള്‍ക്ക് ഏറെ ദുരിതം. ഇവ ജീര്‍ണിച്ചാലും ചാക്കിന് പുറത്തേക്ക് കടക്കാത്തതിനാല്‍ ആഴ്ചകളോളം വെള്ളത്തില്‍ പൊന്തി നിന്ന് ദുര്‍ഗന്ധം പരത്തും.

പ്ലാസ്റ്റിക്ക് കുപ്പികള്‍, ചാക്കില്‍ നിറച്ച ഹോട്ടല്‍ മാലിന്യങ്ങള്‍, കുട്ടികളുടെ ഉപയോഗശൂന്യമായ കളിക്കോപ്പുകള്‍, തെര്‍മോക്കോള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച മാലിന്യങ്ങള്‍, മരങ്ങളുടെ കമ്പും ചില്ലകളും, വാഴപ്പിണ്ടികള്‍ തുടങ്ങിയവ വെള്ളത്തിലൂടെ ഒഴുകിയെത്തി ഇവിടെ തടഞ്ഞു കിടക്കുകയാണ്. നിരവധി പേരാണ് കനാലിന്റെ വിവിധയിടങ്ങളില്‍ മാലിന്യം കവറില്‍ കെട്ടിയും അല്ലാതെയും കനാലിലേക്ക് വലിച്ചെറിയുന്നത്. ഇത് വെള്ളം മലിനമാക്കുന്നതോടൊപ്പം ഇരുകരയിലെ ജനങ്ങള്‍ക്കും ദുരിതമാവുകയാണ്. ചെറിയ തട്ടുകടക്കാര്‍ മുതല്‍ വലിയ ഹോട്ടലുകാര്‍ വരെ കനാലില്‍ മാലിന്യനിക്ഷേപിക്കുന്നതായി ആക്ഷേപമുണ്ട്. അണ്ടര്‍ കനാലിന് മുമ്പ് പല അടച്ചിട്ട ഷട്ടറുകളിലും മാലിന്യം തടയാറുണ്ട്. ഷട്ടര്‍ തുറക്കുന്നതോടെ ആ മാലിന്യം ഒഴുകിയെത്തുക ഈ പാലക്കുഴിയിലാണ്. ഇരുകരയിലുമുള്ള ജനങ്ങള്‍ കുളിക്കാനും അലക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വെള്ളത്തിലേക്കാണ് ജനങ്ങള്‍ അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നത്. മാലിന്യം അണ്ടര്‍ ടണലില്‍ തടഞ്ഞ് വെള്ളം ഒഴുകാതെ പലപ്രാവശ്യം കനാല്‍ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് വെള്ളം ബ്ലോക്ക് ചെയ്തും പലയിടങ്ങളിലേക്ക് ഒഴിക്കുകളഞ്ഞും പാലക്കുഴിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം നീക്കിയ ശേഷമാണ് വീണ്ടും വെള്ളം തുറന്നു വിടുക. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ഇത്തരത്തില്‍ ടണല്‍ ശുചീകരണം നടത്താറുണ്ട്. ടണല്‍ നിര്‍മിച്ച കാലം മുതല്‍ പാലക്കുഴിയില്‍ മാലിന്യം തടയുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

കനാലില്‍നിന്ന് കോരിമാറ്റുന്ന മാലിന്യം അണ്ടര്‍ ടണലിന്റെ സമീപത്ത് നിക്ഷേപിച്ച് കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം കണ്ടെത്തി വേസ്റ്റ് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന ഇറിഗേഷന്‍ വകുപ്പിന്റെ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല. അണ്ടര്‍ ടണല്‍ റെയില്‍വെയുടെ കൈവശമായതിനാല്‍ റെയില്‍വെ വികസനം വരുമ്പോള്‍ മാത്രമാണ് ഇതിനൊരു പരിഹാരത്തിന് സാധ്യതയുള്ളുഎന്ന സങ്കടത്തിലാണ് നാട്ടുകാര്‍. ടണലിന്റെ ഇരുവശവും കുറച്ചു ദൂരത്തില്‍ കനാലിന് താഴ്ച കൂട്ടി മാലിന്യം അടിഞ്ഞുകൂടുന്നത് ഒഴിവാക്കാമെന്നും നാട്ടുകാര്‍ പറയുന്നു. മാലിന്യം തടയാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>