Thursday , 19 April 2018
Headlines
ചെമ്പൂച്ചിറ ചെരുപ്പുകമ്പനിക്കെതിരെ സമരത്തില്‍ ആത്മഹത്യാ ശ്രമം ; വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല

ചെമ്പൂച്ചിറ ചെരുപ്പുകമ്പനിക്കെതിരെ സമരത്തില്‍ ആത്മഹത്യാ ശ്രമം ; വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല

കോടാലി: ചെമ്പൂച്ചിറയില്‍ ആരംഭിക്കുന്ന സ്വകാര്യ ചെരുപ്പു കമ്പനിയിലേക്ക് വൈദ്യുതി കണക്ഷന്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനിടെ സംഘര്‍ഷവും ആത്മഹത്യാ ശ്രമവും. വര്‍ഷങ്ങളായി തര്‍ക്കങ്ങളും സമരങ്ങളും സംഘര്‍ഷസാധ്യതയും നിലനില്‍ക്കുന്ന ചെമ്പുച്ചിറയിലെ ചെരുപ്പ് കമ്പനിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരെ സിപിഎം നേതൃത്വം നല്‍ക്കുന്ന സമരസമിതി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. രാവിലെ ഒമ്പതരയോടെ ആരംഭിച്ച സമരം മൂന്നുമണിക്കൂറുകളോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥസൃഷ്ടിച്ചു. ചെരിപ്പ് കമ്പനി നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ പരിസ്ഥിതി മലിനീകരണം പ്രശ്‌നത്തിന്റെ പേരില്‍ ജനകീയസമിതി പ്രവര്‍ത്തകര്‍ സമരം നടത്തി വരികയാണ്. ചെരുപ്പുകമ്പനിക്കനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിട്ടും വന്‍ പൊലീസ് സന്നാഹത്തിലെത്തിയ ഉദ്യോഗസ്ഥരെ ജനകീയ സമിതി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയും ഉപരോധിച്ചും മടക്കിയയച്ചു. ഇന്നലെ 10 മണിയോടെ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് പൊലീസും എത്തിയിരുന്നു. ഇതിനിടെ സമരാനുകൂലികളായ ഞാറ്റുവെട്ടി ശിവന്‍, കുറ്റിപ്പുറം ഹരിദാസ് എന്നിവര്‍ കമ്പനിക്ക് സമീപത്തെ പുളിമരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് പൊലീസിന് തലവേദനയായി.

ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്‍മാറാതെ മരത്തില്‍നിന്നിറങ്ങില്ലെന്നും ബലമായി വൈദ്യുതി കണക്ഷന്‍ നല്‍കിയാല്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി. പൊലീസിന്റെ നിര്‍ദേശപ്രകാരം മരത്തിനു ചുവടെ ഫയര്‍ഫോഴ്‌സ് വലവിരിക്കാനുള്ള ശ്രമിച്ചതോടെ മരത്തില്‍നിന്ന് ചാടാന്‍ ഒരാള്‍ ശ്രമിച്ചു. ഇതോടെ ചാലക്കുടിയില്‍ നിന്നെത്തിയ അഗ്നിശമനസേന വലവിരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് സമരക്കാരുമായി ചര്‍ച്ചനടത്തി സമവായമുണ്ടാക്കുന്നതിനായി ഒരുമണിക്കൂര്‍ നീട്ടികൊടുത്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രന്റെ നേതൃത്വത്തില്‍ മന്ത്രി സി. രവീന്ദ്രനാഥും ജില്ലാ കളക്ടറും ഇടപെട്ട് ഉപരോധം നിര്‍ത്തിവെക്കാനും ഇന്ന് വൈകീട്ട് അഞ്ചിന് കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അറിയിപ്പുണ്ടായതോടെ സമരക്കാരും ഉദ്യോഗസ്ഥരും പിരിഞ്ഞുപോയി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാള സിഐ വി. റോയ്, പുതുക്കാട് സിഐ എസ്പി സുധീരന്‍, കൊടകര സിഐ കെ. സുമേഷ്, വെള്ളിക്കുളങ്ങര എസ്‌ഐ എം.ബി. സിബിന്‍, കൊടകര എസ്‌ഐ കെ. ബാബു, എന്നിവരും തഹസില്‍ദാര്‍ മധുസൂദനന്‍, കെഎസ്ഇബി എന്‍ജിനീയര്‍ ശിവദാസ് എന്നിവരും ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി എത്തിയ സംഘത്തിലുണ്ടായി.

ആറ് മാസം മുമ്പ് മെഷിനറി ഇറക്കുന്നതിനിടെയും നാട്ടുകാരും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മെഷിനറികള്‍ ഇവിടെ ഇറക്കിയാല്‍ ആത്മാഹുതിചെയ്യാന്‍ നാലോളം സ്ത്രീകളും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വഴിതടഞ്ഞ് നിന്നിരുന്നു. ചെരുപ്പുകമ്പനി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഇവിടെ തര്‍ക്കങ്ങള്‍ നടന്നു വരികയാണ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്പനി ഉടമ ഹൈക്കോടതി ഉത്തരവ് വാങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ചെരിപ്പു കമ്പനിയിലേക്ക് കൊണ്ടുവന്ന മെഷിനറികള്‍ ഇറക്കാന്‍ തടസം നിന്ന പൗരസമിതി പ്രവര്‍ത്തകരെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെരുപ്പുകമ്പനി തുടങ്ങുന്നതിന് ഉടമ സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നിയമാനുസൃതമല്ലെന്നും അനധികൃതമായാണെന്നും സമരക്കാര്‍ ആരോപിച്ചു. ഗ്രീന്‍ കാറ്റഗറിയിലുള്ള വ്യവസായമാണെന്ന് പറഞ്ഞാണ് ജില്ലാ വ്യവസായ ഓഫീസില്‍നിന്നും അനുമതി വാങ്ങിയിട്ടുള്ളത്. കമ്പനി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മാനദണ്ഡവും കമ്പനിഉടമ പാലിക്കുന്നില്ലെന്നും സമരക്കാര്‍ക്ക് പരാതിയുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ചെരുപ്പുകമ്പനിയില്‍ റൂറല്‍ എസ്.പി. നിശാന്തിനി ഐപിഎസ് സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>