Monday , 19 February 2018
Headlines
കാട് കയറാതെ കാട്ടാനകള്‍; ആശങ്കയൊഴിയാതെ മലയോരവാസികള്‍

കാട് കയറാതെ കാട്ടാനകള്‍; ആശങ്കയൊഴിയാതെ മലയോരവാസികള്‍

കോടാലി: ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടാന കാട്ടിലേക്ക് പോകാതെ കൃഷി നശിപ്പിക്കുന്നതില്‍ ആശങ്കയൊഴിയാതെ പോത്തുംചിറ നിവാസികള്‍. കോടാലി അമ്പനോളിക്ക് സമീപം പോത്തുംചിറയിലാണ് കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയത്. അമ്പനോളി സ്വദേശി ചിരണക്കല്‍ മാത്യുവിന്റെ പോത്തുംചിറയിലെ കൃഷിയിടത്തിലും സി.കെ. നാരായണന്റെ പറമ്പിലും ഐപ്പന്‍ പറമ്പില്‍ കുന്നേല്‍ തോമസിന്റെ പറമ്പിലും ആനയെത്തി കൃഷി നശിപ്പിച്ചു. ഇവരുടെ പറമ്പുകളിലെ നിരവധി വാഴകള്‍, തെങ്ങ്, 2 പനകള്‍ എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ നശിപ്പിച്ചത്. കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി സ്ഥാപിച്ച കമ്പിവേലി തകര്‍ത്താണ് ആന കൃഷിയിടത്തേക്ക് കടന്നത്. പറമ്പിന്റെ ഒരു ഭാഗത്തെ കരിങ്കല്ലുകൊണ്ട് നിര്‍മിച്ച മാട്ടവും കമ്പിവേലിയും നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായി തകര്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ആ ശ്രമം ആന ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മറ്റൊരു ഭാഗത്തെത്തിയാണ് കമ്പിവേലിയും കോണ്‍ക്രീറ്റ് പോസ്റ്റും തകര്‍ത്ത് ആന പറമ്പിലേക്ക് കടന്നത്. ആനയുടെ കാലടിപാടുകളും ആനപിണ്ടവും കമ്പിവേലിക്കരികിലും പറമ്പിന്റെ വിവിധ ഭാഗങ്ങളിലും കാണാനായി.

കൃഷിനശിപ്പിച്ചതറിഞ്ഞ് ആനയെ കാണാനായി ഇന്നലെ രാവിലെ കാടുകയറിയ യുവാക്കള്‍ കുറച്ചകലെയായി മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം കേട്ടതോടെ തിരിച്ചുപോന്നു. രണ്ടുമാസമായി ഈ ജനവാസകേന്ദ്രത്തിന്റെ സമീപത്തെ വില്ലുകുന്ന് മല എന്നറിയപ്പെടുന്ന ചെറിയ കാട്ടില്‍ ആനകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇനിയും ആന ജനവാസകേന്ദ്രത്തിലേക്കിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഒന്നര മാസം മുന്‍പ് വനാതിര്‍ത്തിയിലെ ആഞ്ഞിലി മരത്തിലെ ആഞ്ഞിലി ചക്ക ഒടിച്ച് തിന്ന് സാന്നിധ്യമറിയിച്ചെങ്കിലും ജനവാസകേന്ദ്രത്തിലേക്ക് കടന്നിരുന്നില്ല. രണ്ടാഴ്ച മുന്നാണ് നാട്ടുകാര്‍ സ്ഥാപിച്ച കമ്പി വേലി തകര്‍ത്ത് ആന പറമ്പിലേക്ക് ആദ്യമായി എത്തിയത്. അഞ്ച് തെങ്ങ്, നൂറോളം വാഴകള്‍, 15 അടക്കാമരം എന്നിവയെല്ലാം ആ വരവില്‍ നശിപ്പിച്ചിരുന്നു. കുടുംബി സമുദായത്തില്‍പെട്ട 15 കുടുംബക്കാര്‍ ഉള്‍പ്പടെ 250 ഓളം വീട്ടുകാരാണ് വില്ലുകുന്ന് മലക്കു സമീപത്തായി താമസിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

ഈ പ്രദേശത്ത് മാന്‍, കാട്ടുപന്നി എന്നിവയുടെ ശല്യം വര്‍ധിച്ചതിനാല്‍ കൃഷിചെയ്യാനാകാതെ വിഷമിക്കുകയാണ് നാട്ടുകാര്‍. തെങ്ങ്, റബ്ബര്‍, വാഴ, കശുമാവ്, കുരുമുളക് തുടങ്ങിയാണ് പ്രധാനമായും ഈ പ്രദേശത്ത് കൃഷിചെയ്യുന്നത്. കൃഷിയിടത്തിനു ചുറ്റും കമ്പിവേലി ഇട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവയുടെ ശല്യമുണ്ടാകാറുണ്ടെന്നും പറയുന്നു. കാടിനുചുറ്റും വനംവകുപ്പ് സോളാര്‍ വൈദ്യുതി വേലിസ്ഥാപിച്ച് കാട്ടുമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ പാലപ്പിള്ളി എസ്‌റ്റേറ്റിലൂടെ ഒഴുകുന്ന ചൊക്കന പുഴ കടത്തി പൊയ്ക്കാട് കാട്ടിലേക്ക് കയറ്റി വിട്ടാല്‍ പിന്നെ ആനയുടെ ശല്യമുണ്ടാകില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. മൂന്ന് ആനകളാണ് വില്ലുകുന്ന് മലയില്‍ ഉള്ളതെങ്കിലും ഇവ ഉപദ്രവകാരികളല്ല. ജനങ്ങളുടെ ആശങ്ക ഡിവിഷന്‍ തലത്തില്‍ മേലാധികാരികളെ ധരിപ്പിച്ചിട്ടുണ്ട്. സോളാര്‍ വേലിയാണ് വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള ശാശ്വത പരിഹാരമെന്നും അതിനുള്ള ഫണ്ട് വരുന്നതനുസരിച്ച് നടപടിയുണ്ടാകുമെന്നും ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഓഫീസര്‍ പി.എസ്. ഷൈലന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>